തിരുവനന്തപുരം> ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് രാത്രി 8 മണി വരെ നൽകുമെന്ന് മന്ത്രി ജി ആർ അനിൽ. കിറ്റിനായി എത്തുന്ന എല്ലാ റേഷൻകാർഡ് ഉടമകൾക്കും കിറ്റ് നൽകുന്നതിനുള്ള സംവിധാനം സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി. ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം സുഗമമായി നടന്നതായി മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബുധനാഴ്ച രാവിലെവരെ 84,01,328 ലക്ഷം കിറ്റാണ് വിതരണം ചെയ്തത്. 90.81 ശതമാനം കാർഡുടമകളും കിറ്റ് കൈപ്പറ്റി. എഎവൈ വിഭാഗത്തിൽ 96.96 ശതമാനം കാർഡ് ഉടമകളും ഭക്ഷ്യ കിറ്റ് കൈപ്പറ്റി. പിഎച്ച്എച്ച് വിഭാഗത്തിൽ 97.56 ശതമാനം, എൻപിഎസ് വിഭാഗത്തിൽ 91.69 ശതമാനം, എൻപിഎൻഎസ് വിഭാഗത്തിൽ 80.45 ശതമാനം പേരും ഭക്ഷ്യ കിറ്റ് വാങ്ങി. കഴിഞ്ഞ നാലുമുതൽ പോർട്ടബിലിറ്റി സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം ചില കടകളിലേയ്ക്ക് കൂടുതൽ കാർഡുടമകൾ എത്തിച്ചേരുന്നതിനാൽ കിറ്റുകൾ തീർന്ന് പോകുന്നത് സ്വാഭാവികമാണ്. അവിടങ്ങളിൽ ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് കിറ്റുകൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചു. റേഷൻ വ്യാപാരികൾക്ക് ഉത്സവബത്ത നൽകാനുള്ള ഉത്തരവ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നതായും മന്ത്രി അറിയിച്ചു.