ദുബായ്
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ വഴിയടയുന്നു. സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയോടും തോറ്റതോടെ ഇന്ത്യ പുറത്തേക്കുള്ള വഴിയിലായി. അത്ഭുതങ്ങൾ സംഭവിച്ചാൽമാത്രം ഇന്ത്യക്ക് സാധ്യത. ഇന്ന് നടക്കുന്ന കളിയിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ഒരു കളി ശേഷിക്കെതന്നെ രോഹിത് ശർമയും സംഘവും പുറത്താകും. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ തോൽവി. രണ്ടാംജയത്തോടെ ലങ്ക ഫെെനൽ ഉറപ്പാക്കി.
നിർണായക മത്സരത്തിൽ ബൗളർമാരുടെ മോശം പ്രകടനമാണ് ഇന്ത്യയെ ബാധിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റണ്ണാണെടുത്തത്. മറുപടിക്കെത്തിയ ലങ്ക ഒരു പന്ത് ശേഷിക്കെ ജയം നേടി. അവസാന ഓവറിൽ ജയിക്കാൻ ഏഴ് റൺ വേണ്ടിയിരിക്കെ പേസർ അർഷ്ദീപ് സിങ് മികച്ച രീതിയിൽ പന്തെറിഞ്ഞ് ലങ്കയെ സമ്മർദത്തിലാക്കി. എന്നാൽ, രണ്ട് പന്തിൽ രണ്ട് റൺ എന്ന നിലയിലുള്ളപ്പോൾ റണ്ണൗട്ട് അവസരം പാഴാക്കുകയും ഓവർ ത്രോയിലൂടെ റൺ വിട്ടുകൊടുക്കുകയും ചെയ്തതോടെ ലങ്കൻ ജയം എളുപ്പമായി.
മികച്ച ബാറ്റിങ് പ്രകടനമാണ് ലങ്ക പുറത്തെടുത്തത്. ഓപ്പണർമാരായ പതും നിസങ്കയും (37 പന്തിൽ 52) കുശാൽ മെൻഡിസും (37 പന്തിൽ 57) മിന്നുന്ന തുടക്കമാണ് ലങ്കയ്ക്ക് നൽകിയത്. പത്തോവറിൽ 100 കടന്ന ലങ്ക അനായാസ ജയത്തിലേക്ക് കുതിച്ചു. എന്നാൽ, മൂന്ന് വിക്കറ്റുമായി യുശ്-വേന്ദ്ര ചഹാൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. ആർ അശ്വിനും ഒരു വിക്കറ്റെടുത്തു. 5.5 ഓവറിൽ 64 റൺ വേണ്ടിയിരിക്കെ ഒത്തുചേർന്ന ക്യാപ്റ്റൻ ദസുൺ ഷനകയും (18 പന്തിൽ 33) ഭനുക രജപക്സയും (17 പന്തിൽ 25) ലങ്കയ്ക്ക് പുതുജീവൻ നൽകി. അവസാന മൂന്നോവറിൽ 33 റണ്ണായിരുന്നു ആവശ്യം. ഇന്ത്യയുടെ പ്രധാന പേസർമാരായ ഹാർദിക് പാണ്ഡ്യയെയും ഭുവനേശ്വർ കുമാറിനെയും ഷനക–രജപക്സ സഖ്യം നന്നായി കെെകാര്യം ചെയ്തു. ഭുവനേശ്വർ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 14 റണ്ണാണ് അടിച്ചെടുത്തത്. ഇന്ത്യക്കുവേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ (41 പന്തിൽ 72) മാത്രം പൊരുതി.
തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ലോകേഷ് രാഹുലും (6) വിരാട് കോഹ്-ലിയും (0) പെട്ടെന്ന് മടങ്ങി. സൂര്യകുമാർ യാദവ് 29 പന്തിൽ 34 റണ്ണെടുത്തു. ഹാർദിക് പാണ്ഡ്യ (13 പന്തിൽ 17), ഋഷഭ് പന്ത് (13 പന്തിൽ 17) എന്നിവർക്ക് അവസാന ഓവറുകളിൽ തിളങ്ങാനായില്ല.