കോഴിക്കോട്> രാജ്യത്തെ ഭരണഘടനയെ തകര്ക്കാനുള്ള നീക്കങ്ങള് ഒരു ഭാഗത്തുനിന്നും ശക്തമായി നടക്കുകയാണെന്നും ഇതിനെതിരെ കാവലാളാവുക എന്ന പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷ മാധ്യമങ്ങളുടെ ഏറ്റവും പ്രധാന ദൗത്യമാണിതെന്നും ആ ദൗത്യം ദേശാഭിമാനി നിര്വഹിച്ചു പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില് ദേശാഭിമാനി 80-ാം വാര്ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശാഭിമാനി അടക്കമുള്ള ഇടതുപക്ഷ പത്രങ്ങള്ക്ക് ഇന്നത്തെ ദേശീയ സാഹചര്യത്തില് നിര്വഹിക്കാനുള്ള ചുമതലകള് വര്ധിച്ചതാണ്. ഓരോ ദിവസവും വായനക്കാര് അറിയേണ്ട കാര്യങ്ങള് കൃത്യമായി വായനക്കാരിലേക്ക് എത്തിക്കാന് ദേശാഭിമാനിക്ക് കഴിയുന്നു. രാഷ്ട്രീയ എതിരാളികള്ക്ക് പോലും സ്വീകാര്യമായ നിലയിലേക്ക് ദേശാഭിമാനിക്ക് ഉയരാന് കഴിഞ്ഞു.
നമ്മുടെ സംസ്ഥാനത്തെ രാഷ്ട്രീയ പാര്ട്ടികള്ക്ക് പലതിനും മുഖപത്രങ്ങള് ഉണ്ട്. എന്നാല് ദേശാഭിമാനി ആ ഗണത്തില്പ്പെട്ട മാധ്യമങ്ങളുമായല്ല മത്സരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില് പ്രവര്ത്തിക്കുന്ന പത്രങ്ങളോടാണ് ദേശാഭിമാനി മത്സരിക്കുന്നത്. ഇത്തരത്തില് മുന്നോട്ട് പോയാല് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമായി ദേശഭിമാനി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ജ്ഞാനപീഠജേതാവ് എം ടി വാസുദേവൻ നായർ ചടങ്ങിൽ മുഖ്യാതിഥിയായി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനായി. ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ, ജോൺ ബ്രിട്ടാസ് എംപി, മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ, ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ, സ്വാഗതസംഘം ചെയർമാൻ പി മോഹനൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.