വെഞ്ഞാറമൂട് (തിരുവനന്തപുരം)
സംസ്ഥാനത്ത് വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തതയാണ് സിപിഐ എം ലക്ഷ്യമിടുന്നതെന്ന് പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പാർടി സംയോജിത കൃഷിയിലൂടെ ഉൽപ്പാദിപ്പിച്ച പച്ചക്കറി വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം വെമ്പായത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. 1500 കേന്ദ്രമാണ് സംസ്ഥാനത്ത് ആകെ പ്രവർത്തിക്കുന്നത്. 2015ൽ ഇ എം എസ് അക്കാദമിയിൽ നടന്ന സെമിനാറിലാണ് ഈ ആശയം രൂപപ്പെട്ടത്. ആദ്യം 15,000 ഏക്കറിൽ കൃഷി തുടങ്ങി. ഇപ്പോഴത് 37,500 ഏക്കറായി. പാലും മുട്ടയും മാംസവും മീനും നെല്ലും പൂവും അടക്കം സംയോജിതകൃഷിയിലൂടെ ഫലപ്രദമായി കൃഷി ചെയ്യുന്നുണ്ട്.
നമുക്ക് ആവശ്യമുള്ള പാൽ കേരളത്തിൽ ഉൽപ്പാദിപ്പിക്കാനാകുന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. 16 ഇനം പച്ചക്കറിക്ക് കേരളം തറവില നിശ്ചയിച്ചു. ഇത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. മൂന്ന് വർഷത്തിനകം പച്ചക്കറി സ്വയംപര്യാപ്തത നേടാൻ കേരളത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കർഷക സംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ അധ്യക്ഷനായി.