ലണ്ടൻ> ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തു. മുൻ ധനമന്ത്രിയും ഇന്ത്യൻവംശജനുമായ ഋഷി സുനകുമായുള്ള പോരാട്ടത്തിലാണ് ബ്രീട്ടീഷ് വിദേശ സെക്രട്ടറിയായ ലിസ് ട്രസ് ബോറിസ് ജോൺസന്റെ പിൻഗാമിയായത്. ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയാണ് ലിസ്.
ലിസ് ട്രസും ഋഷി സുനകും
പുതിയ പ്രധാനമന്ത്രിയെയും കൺസർവേറ്റീവ് പാർടി നേതാവിനെയും തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച അവസാനിച്ചിരുന്നു. പ്രാദേശികസമയം 12.30ന് (ഇന്ത്യൻ സമയം വൈകിട്ട് അഞ്ച്) ആണ് ഔദ്യോഗികമായി വിജയിയെ പ്രഖ്യാപിച്ചത്. അഭിപ്രായ സർവേകൾ ലിസ് ട്രസിനാണ് മുൻതൂക്കം പ്രഖ്യാപിച്ചിരുന്നത്. ട്രസ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തുടങ്ങിയതായ വാർത്തകളും പുറത്തുവന്നു. തോറ്റാലും പുതിയ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് ഋഷി സുനക് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
നിലവിൽ എലിസബത്ത് രാജ്ഞി താമസിക്കുന്ന സ്കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലാണ ചൊവ്വാഴ്ച പുതിയ പ്രധാനമന്ത്രിയുടെ നിയമന ചടങ്ങ് നടക്കുക. ചൊവ്വ രാവിലെതന്നെ രാജി സമർപ്പിക്കാൻ ബോറിസ് ജോൺസൻ സ്കോട്ട്ലൻഡിലേക്ക് പോകും. രാജി സ്വീകരിച്ചശേഷം തെരഞ്ഞെടുപ്പ് വിജയിയെ പുതിയ സർക്കാർ രൂപീകരിക്കാർ രാജ്ഞി ക്ഷണിക്കും. രാജ്ഞിയായി 70 വർഷം പൂർത്തിയാക്കിയ എലിസബത്ത് ഇതുവരെ 14 പ്രധാനമന്ത്രിമാരെ നിയമിച്ചിട്ടുണ്ട്.
ഋഷി സുനക് വിജയിച്ചിരുന്നെങ്കിൽ ആ പദവിയിലെത്തുന്ന ആദ്യ ഇന്തയൻ വംശജൻ ആകുമായിരുന്നു.