തിരുവനന്തപുരം> പേവിഷ ബാധമൂലമുള്ള മരണത്തിന്റെ 36 ശതമാനവും ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). രാജ്യത്ത് എല്ലാവർഷവും 18,000 മുതൽ 20,000 പേർ മരിക്കുന്നു. ഇതിൽ 30 മുതൽ 60 ശതമാനംവരെ 15 വയസ്സിൽ താഴെയുള്ളവരാണെന്നും ഡബ്ല്യുഎച്ച്ഒ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു. ലോകത്ത് എല്ലാവർഷവും അരലക്ഷത്തിലേറെ പേരാണ് പേവിഷബാധയേറ്റ് മരിക്കുന്നത്. ഏഷ്യയിലും ആഫ്രിക്കയിലുമാണ് കൂടുതൽ മരണം. ഇന്ത്യയിലെ കൃത്യം കണക്ക് ലഭ്യമല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കുട്ടികളെ ബാധിക്കുന്നത് പലപ്പോഴും തിരിച്ചറിയപ്പെടാതെയും റിപ്പോർട്ട് ചെയ്യപ്പെടാതെയും പോകുന്നതിനാലാണിത്.
150ൽ അധികം രാജ്യങ്ങളിൽ പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 99 ശതമാനം പേവിഷബാധയുമേൽക്കുന്നത് നായകളിൽനിന്നാണ്. ചികിത്സയെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് മരണനിരക്ക് വർധിപ്പിക്കുന്നത്. കൃത്യമായ ചികിത്സയും പരിരക്ഷയുമുണ്ടെങ്കിൽ പേവിഷബാധ പൂർണമായി തടയാം. നായകൾക്കുള്ള വാക്സിനേഷനാണ് പ്രധാന പ്രതിരോധമാർഗം.
പെൺകുട്ടിയുടെ നില
ഗുരുതരമായി തുടരുന്നു
നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പത്തനംതിട്ട പെരുനാട് ചേർത്തലപ്പടി ഷീനാഭവനിൽ അഭിരാമിയാണ് (12) തലച്ചോറിൽ വൈറസ് ബാധയേറ്റ് വെന്റിലേറ്ററിൽ കഴിയുന്നത്. പേവിഷബാധയാണോ എന്നറിയാൻ സ്രവം പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം തിങ്കളാഴ്ച വന്നേക്കും.ആഗസ്ത് 13നാണ് കുട്ടിക്ക് കടിയേറ്റത്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശപ്രകാരം പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ.