സിൽവർലൈൻ
മംഗളൂരുവരെ നീട്ടുന്നതും അജൻഡയിൽ
കണ്ണൂരിൽ കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകളും
വലിയ വിമാനം ഇറക്കാൻ അനുമതിയും വേണമെന്ന് കേരളം
ഹൈ സ്പീഡ് റെയിൽ ഇടനാഴി വേണമെന്ന് തമിഴ്നാടും
തിരുവനന്തപുരം
കേരളവും കർണാടയുകമായി ബന്ധപ്പെട്ട റെയിൽ വിഷയങ്ങളിൽ മുഖ്യമന്ത്രിതല ചർച്ച നടത്താൻ ധാരണ. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സതേൺ കൗൺസിൽ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. തലശേരി–- മൈസൂരു, നിലമ്പൂർ–- നഞ്ചങ്കോട് റെയിൽപ്പാത വികസനകാര്യത്തിലാണ് പ്രധാനചർച്ച. സിൽവർലൈൻ പദ്ധതി മംഗളൂരുവരെ നീട്ടുന്ന കാര്യവും അജൻഡയിലുണ്ടായിരുന്നു. ഇക്കാര്യം ഇരു സംസ്ഥാനവും തമ്മിൽ പ്രത്യേകം ചർച്ച നടത്തിയശേഷം യോഗത്തിൽ അവതരിപ്പിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂർ വിമാനത്താവള വികസനവും ചർച്ചയായി. കൂടുതൽ അന്താരാഷ്ട്ര സർവീസ് വേണമെന്നും വലിയ വിമാനം ഇറക്കാനുള്ള അനുമതി വേണമെന്നും കേരളം ആവശ്യപ്പെട്ടു. വ്യോമയാന നയത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം പരിഗണിക്കുമെന്ന് യോഗത്തിൽ അധ്യക്ഷനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും തമിഴ്നാടിന് വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഹൈ സ്പീഡ് റെയിൽ ഇടനാഴി വേണമെന്ന് ആവശ്യപ്പെട്ടു. മധുര, കോയമ്പത്തൂർ, തൂത്തുക്കൂടി തുടങ്ങിയവ ബന്ധിപ്പിച്ച് ഇടനാഴി വേണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.
ആകെ 26 വിഷയമാണ് ചർച്ചയായത്. ഒമ്പതെണ്ണത്തിൽ തീരുമാനമായി. 17 എണ്ണം കൂടുതൽ പരിഗണനയ്ക്ക് മാറ്റി. ഇതിൽ ഒമ്പതെണ്ണം ആന്ധ്രപ്രദേശ് പുനഃസംഘടനയുമായി ബന്ധപ്പെട്ടതാണ്. വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട പ്രശ്നം സംയുക്ത പരിഹാരം തേടണമെന്ന നിർദേശവുമുണ്ടായി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്രപ്രദേശ് ധനമന്ത്രി ബഗ്ഗ്റ രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്മൂദ്, പുതുച്ചേരി ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, ആൻഡമാൻ നിക്കോബാർ ലഫ്. ഗവർണർ അഡ്മിറൽ ഡി കെ ജോഷി എന്നിവരും യോഗത്തിൽ പങ്കെടുത്തു.