കണ്ണൂര്> കെഎസ്ആര്ടിസി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം നല്കാന് നടപടിയായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സര്ക്കാര് അനുവദിച്ച 50 കോടി രൂപയാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി കണ്ണൂരില് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
കെഎസ്ആര്ടിസിയുടെ പ്രശ്നങ്ങള് സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയും യൂണിയന് പ്രതിനിധികളുമായി ചര്ച്ച നടത്തും.കെഎസ്ആര്ടിസിയെ നൂതന മാറ്റങ്ങളിലൂടെ മെച്ചപ്പെടുത്തും. ചെലവ് കുറച്ച് വരുമാനം വര്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ധനവില വര്ധിച്ചതോടെ ചെലവ് കോടിക്കണക്കിന് രൂപയായി വര്ധിച്ചു. ഗ്രാമവണ്ടി പദ്ധതിയും സ്വിഫ്റ്റ് സര്വീസുമെല്ലാം വരുമാനം വര്ധിപ്പിക്കുന്നതിന്റെ ഭാഗമാണ്. നല്ല മാറ്റത്തെ ചിലര് കണ്ണടച്ച് എതിര്ക്കുന്നു.
സ്വിഫ്റ്റിനെതിരെപോലും ചിലര് കോടതിയെ സമീപിച്ചു. എന്നാല്, എതിര്പ്പുകള് തള്ളി കോടതി അനുമതി നല്കി. മാറ്റങ്ങള് ഉള്ക്കൊള്ളാന് തയ്യാറാകണം. എതിര്പ്പിനെ ഭയന്ന് കെഎസ്ആര്ടിസിയെ മെച്ചപ്പെടുത്തുന്നതില്നിന്ന് സര്ക്കാര് പിന്നോട്ടുപോകില്ല.
കണ്സ്യൂമര്ഫെഡ്, സപ്ലൈകോ എന്നിവിടങ്ങളില്നിന്ന് കൂപ്പണ് മുഖേന ജീവനക്കാര്ക്ക് സാധനങ്ങള് ലഭിക്കും. കൂപ്പണ് വാങ്ങണമെന്ന് നിര്ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.