തലശേരി> പ്രതിപക്ഷത്തിന്റെ അവകാശം കൂടി സംരക്ഷിച്ച് മുന്നോട്ട് പോവുമെന്ന് നിയുക്ത സ്പീക്കർ എ എൻ ഷംസീർ. മുൻവിധികളില്ലാതെ എല്ലാവരെയും സമീപിക്കും. എല്ലാ പാർടികളുടെയും വികാരം ഉൾക്കൊണ്ട് സഭയിൽ പ്രവർത്തിക്കും. ജനാധിപത്യം സമ്പുഷ്ടമാവുന്നത് ശക്തമായ പ്രതിപക്ഷമുള്ളപ്പോഴാണ്. പ്രതിപക്ഷത്തെ കൂടി സഹകരിപ്പിച്ച് മുന്നോട്ട് പോവും. കഴിഞ്ഞ ആറ് വർഷവും മാന്യമായ പരിഗണന സഭയിൽ പ്രതിപക്ഷത്തിന് മുൻ സ്പീക്കർമാർ നൽകിയിട്ടുണ്ട്. തലശേരിയിൽ മാധ്യമപ്രവർത്തകരോട് സംസസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപക്ഷ അംഗമെന്ന ഉത്തരവാദിത്തമായിരുന്നു ഇതുവരെ. പ്രതിപക്ഷം കടന്നാക്രമിക്കുമ്പോൾ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. സഭയിലെ എല്ലാവരുമായും നല്ല സൗഹൃദമാണ്. സഭയുടെ നേതാവും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയുമായ മുഖ്യമന്ത്രിയിൽ നിന്ന് ഉപദേശ നിർദേശങ്ങൾ സ്വീകരിക്കും. മുൻ സ്പീക്കർമാരിൽ നിന്നും പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സീനിയർ നേതാക്കളിൽ നിന്നും നിർദേശം ആരായും.
രാഷ്ട്രീയം പറയേണ്ട ഘട്ടത്തിൽ രാഷ്ട്രീയം പറയും. രാഷ്ട്രീയ നിലപാടുള്ള സ്പീക്കർ ആയിരിക്കും. എന്നാൽ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി നിൽകില്ല. സഭയുടെ അന്തസും അഭിമാനവും കാക്കും. എന്നെക്കുറിച്ച് ആർക്കും മുൻവിധി വേണ്ട. വലിയ ഉത്തരവാദിത്തമാണ് പാർടി ഏൽപിച്ചത്. ഇതുവരെയുള്ള പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഇപ്പോൾ ഏൽപിച്ച ചുമതലയെ കാണുന്നത്. സ്പീക്കറെന്ന ചുമതല കഴിവിന്റെ പരമാവധി മികച്ച നിലയിൽ നിർവഹിക്കാൻ ആത്മാർഥമായി പരിശ്രമിക്കുമെന്നും എ എൻ ഷംസീർ പറഞ്ഞു.