കോട്ടയം> പ്രശസ്ത സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തക മേരി റോയി(89)യുടെ സംസ്കാരം ഉച്ചക്ക് 12ന് നടക്കും. വീട്ടിലും പള്ളിക്കൂടത്തിലെ എം ആർ ബ്ലോക്കിലും പൊതുദർശനത്തിനുവച്ചശേഷം വീട്ടുവളപ്പിലാണ് സംസ്കാരം. മകളും പ്രമുഖ എഴുത്തുകാരിയുമായ അരുന്ധതി റോയി ഇന്നലെ രാത്രിതന്നെ വീട്ടിലെത്തിചേർന്നു. പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ പ്രമുഖരടക്കം ഒട്ടേറെപ്പേർ അന്തിമോപചാരമർപ്പിച്ചു.
കളത്തിപ്പടിയിൽ മേരിറോയ് സ്ഥാപിച്ച ‘-പള്ളിക്കൂടം’ സ്കൂൾ വളപ്പിലെ വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. പി വി ഐസക്കിന്റെയും സൂസിയുടെയും മകളായി കോട്ടയത്തിനടുത്ത് അയ്മനത്ത് 1933ലാണ് മേരിയുടെ ജനനം. ഡൽഹി ജീസസ് മേരി കോൺവന്റ്, ചെന്നൈ ക്വീൻസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. തുടർന്ന് കൊൽക്കത്തയിൽ കമ്പനി സെക്രട്ടറിയായി. ഇക്കാലത്ത് പരിചയപ്പെട്ട രാജീബ് റോയിയെ വിവാഹം കഴിച്ചു. ലളിത് റോയ്, അരുദ്ധതി റോയ് എന്നിവരാണ് മക്കൾ.
പിന്നീട് ഭർത്താവുമായി പിരിഞ്ഞ് മക്കളൊടൊപ്പം ഊട്ടിയിൽ അച്ഛന്റെ പേരിലുണ്ടായിരുന്ന വീട്ടിൽ താമസമാക്കി. ഇവിടെനിന്ന് ഒഴിയണമെന്ന് സഹോദരനും അമ്മയും ആവശ്യപ്പെട്ടതോടെയാണ് പിതൃസ്വത്തവകാശം സംബന്ധിച്ച വ്യവഹാരം ആരംഭിച്ചത്. അയ്മനത്തേക്ക് മടങ്ങിയെത്തിയ അവർ 1984ൽ പൊതുതാൽപര്യ ഹർജി നൽകി. 86ൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിനേടി. 88ൽ സ്വത്തവകാശത്തിനായി കോട്ടയം സബ്കോടതിയെ സമീപിച്ചു. 2000ൽ അമ്മയുടെ മരണശേഷവും കേസ് നീണ്ടു. ഒടുവിൽ അവകാശം ലഭിച്ചെങ്കിലും സഹോദരന് തിരികെ നൽകി. സ്വത്തിന് വേണ്ടിയല്ല, മക്കളെല്ലാം തുല്യരാണെന്നിരിക്കെ പെൺമക്കൾ രണ്ടാംകിടക്കാരാണെന്ന നിലപാടിനെതിരെയാണ് നിയമപോരാട്ടം നടത്തിയത് എന്നായിരുന്നു അവരുടെ നിലപാട്. 1967ൽ മേരി റോയ് കോട്ടയത്ത് വേറിട്ട സിലബസുമായി കോർപസ് ക്രിസ്റ്റി സ്കൂൾ തുടങ്ങി. 1972 കളത്തിപ്പടിയിൽ അഞ്ചേക്കർ സ്ഥലത്തേക്ക് മാറി. 1999ൽ പേര് “പള്ളിക്കൂടം’ എന്നാക്കി. പ്രിൻസിപ്പലും രക്ഷാധികാരിയുമായി.