മലപ്പുറം> പെണ്കുട്ടികളുടെ കോളേജാണ്; ആഘോഷവേളകളില് പതിവുപോലെ എല്ലാവരും കേരളീയ വേഷമണിഞ്ഞ് ഒരുങ്ങിവരും. എന്നാല് ഈ ഓണത്തിന് ദിവ്യയ്ക്കും അര്ച്ചനയ്ക്കും വെറൈറ്റി വേണമെന്നുതോന്നി. ഒന്നു മാറ്റിപ്പിടിച്ച ഇരുവരും മുണ്ടും ഷര്ട്ടുമിട്ടാണ് ക്യാംപസില് എത്തിയത്. പെണ്പടയാകട്ടെ കൂളിങ് ഗ്ലാസ് വച്ചെത്തിയ ‘ചുള്ളന്മാരെ’ ആര്പ്പുവിളിയോടെ വരവേറ്റു.
മലപ്പുറം ഗവ. വനിതാ കോളേജിലെ ഓണാഘോഷത്തിനാണ് അവസാന വര്ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്ഥികളായ ദിവ്യയും അര്ച്ചനയും മുണ്ടും ഷര്ട്ടുമിട്ട് എത്തിയത്. ‘ഞങ്ങള്ക്കെന്താ മുണ്ടുടുത്താല്, ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തതാരാ?’– ദിവ്യയുടെ ചോദ്യം. വേദിയില് ഓണം വന്നല്ലോ, ഓണം വന്നല്ലോ എന്ന പാട്ടിന് അടിച്ചുപൊളിച്ചു നൃത്തം ചെയ്യുമ്പോള് പുറത്ത് ആര്പ്പുവിളിച്ച് താളത്തില് ആടിത്തിമിര്ത്ത് പെണ്പട ആഘോഷമാക്കി. അതിനുമുന്നില് നീല ഷര്ട്ടും കസവു മുണ്ടുമുടുത്ത ദിവ്യയും കറുത്ത ഷര്ട്ടില് അര്ച്ചനയും ‘ആണ്ചുവടു’വച്ചു.
രാവിലെ തുടങ്ങിയ ആഘോഷം വൈകിട്ടാണ് അവസാനിച്ചത്. കോളേജിനു പുറത്ത് കെട്ടിയുണ്ടാക്കിയ താല്കാലിക പന്തലിലായിരുന്നു വിദ്യാര്ഥിനികളുടെ ഓണാഘോഷ പരിപാടികള്.