തിരുവനന്തപുരം> കമ്മ്യൂണിറ്റി പൊലീസിംഗ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി 2007 ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന ജനമൈത്രി സുരക്ഷാ പദ്ധതി ഇന്ന് രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ ഷംസുദ്ദീന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുക, വയോജനങ്ങളുടെയും ആദിവാസി- ദുർബ്ബല ജനവിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുക, അതിഥി തൊഴിലാളികളുടെ നിരീക്ഷണം തുടങ്ങി വിവിധ പദ്ധതികൾ ജനമൈത്രിയുടെ ഭാഗമായി ഫലപ്രദമായി നടപ്പിലാക്കിവരികയാണ്.
ജനമൈത്രി സുരക്ഷാ പദ്ധതി ഇതിനകം എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും ജനമൈത്രി സുരക്ഷാ സമിതികളും, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലാ ഉപദേശക സമിതിയും രൂപീകരിച്ച് പ്രവർത്തിക്കണമെന്നും ജനപ്രതിനിധികളെയും പ്രദേശത്തെ പ്രമുഖ വ്യക്തികളെയും സമിതിയിൽ ഉൾപ്പെടുത്തണമെന്നുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശം നിലവിലുണ്ട്.
ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ചുമതലയിൽ സോഷ്യൽ പൊലീസിംഗ് ഡയറക്ടറേറ്റ് പ്രവർത്തിച്ചു വരുന്നുണ്ട്. ഡയറക്ടറേറ്റിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി പോലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാക്കി പോലീസിനെ ജനകീയവൽക്കരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ജില്ലാതല പോലീസ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ ലക്ഷ്യങ്ങൾ കമ്മ്യൂണിറ്റി പൊലീസിംഗിലൂടെ കൈവരിക്കാൻ കഴിയുന്നത് കണക്കിലെടുത്താണ് പ്രസ്തുത കമ്മിറ്റികൾ തുടരേണ്ടതില്ലെന്ന് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.