പാലക്കാട് > ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായത് ഇന്‍സ്റ്റഗ്രാം താരങ്ങൾ. ഇന്‍സ്റ്റഗ്രാമിൽ 61,000 ഫോളോവേഴ്സുള്ള താരദമ്പതികളായ ദേവു, ഗോകുൽദീപ് എന്നിവരാണ് അറസ്റ്റിലായത്. ഒരു വർഷംമുമ്പായിരുന്നു ദേവുവിന്റെ വിവാഹം. പിന്നീട് ഭർത്താവിനൊപ്പം എറണാകുളത്തേക്ക് താമസം മാറ്റി. ആർഭാട ജീവിതത്തെത്തുടർന്ന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായി. പണം കണ്ടെത്താനാണ് തട്ടിപ്പിന് കൂട്ടുചേർന്നത്.
നിരവധി മോഷണക്കേസിൽ പ്രതിയായ ശരത്തുമായുള്ള സുഹൃദ്ബന്ധത്തിലൂടെ കൂടുതൽ തട്ടിപ്പിന് കളമൊരുങ്ങി. ഇൻസ്റ്റഗ്രാമിലൂടെ ആളുകൾക്ക് ഹായ് സന്ദേശം അയക്കും.
പ്രതികരിക്കുന്നവരിൽ സാമ്പത്തികശേഷിയുള്ളവരെ കണ്ടെത്തി നിരന്തരം സന്ദേശം അയച്ച് വരുതിയിലാക്കും. നേരിൽ കാണാമെന്ന് പറഞ്ഞ് ആൾത്തിരക്കില്ലാത്ത വീട്ടിലും ലോഡ്ജിലും എത്തിച്ച് സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടുകയാണ് രീതി. സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് അറസ്റ്റിലായവർ മൊഴി നൽകി. ഇവരിൽനിന്ന് രക്ഷപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിയായ വ്യവസായി പൊലീസിനെ സമീപിച്ചതാണ് സംഘത്തെ കുടുക്കിയത്. സാമ്പത്തികശേഷിയുള്ളവർ നാണക്കേട് ഭയന്ന് പരാതിപ്പെടാറില്ല. ഇത് മുതലാക്കിയാണ് തട്ടിപ്പ്. സമൂഹമാധ്യമങ്ങളിലെ താരങ്ങളായതിനാൽ ആളുകളുമായി അതിവേഗം അടുക്കാനായി.
രക്ഷപ്പെട്ട വ്യവസായിയുടെ ഫോൺ സംഘം കൈക്കലാക്കിയിരുന്നു. ഇതിൽനിന്ന് ഭാര്യക്ക് വീഡിയോയും സന്ദേശങ്ങളും അയച്ചു. എടിഎമ്മും ഫോണും തിരിച്ചുനൽകാമെന്നും കൂടുതൽ പണം വേണമെന്നുമായിരുന്നു ആവശ്യം. പണം തരാമെന്ന് പറഞ്ഞ് സംഘത്തെ വിളിച്ചുവരുത്തിയാണ് പൊലീസ് ഇവരെ പിടിച്ചത്. കൂടുതൽ പേരിൽനിന്ന് ഇവർ പണം തട്ടിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ഫോൺ വിവരങ്ങൾ വിശദമായി പൊലീസ് പരിശോധിക്കും.