വെഞ്ഞാറമൂട്> അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിലും അധികാരത്തിലേറി രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ലക്ഷ്യമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രക്തസാക്ഷികളായ ഹഖ് മുഹമ്മദ്–മിഥിലാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവും മതനിരപേക്ഷതയും അട്ടിമറിക്കാൻനോക്കുന്ന ബിജെപി ഭരണഘടനതന്നെ മാറ്റിമറിക്കാനാണ് ശ്രമിക്കുന്നത്. വർഗീയതയെ നേരിടാൻ ഇടതുപക്ഷ ശക്തികൾക്ക് മാത്രമാണ് കരുത്തുള്ളത്. അടുത്ത തെരഞ്ഞെടുപ്പിലും മതനിരപേക്ഷ ശക്തികൾ യോജിച്ച് ജനാധിപത്യരാജ്യത്തെ സംരക്ഷിക്കാൻ മുന്നേറും–അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന പാർടിയും കോർപറേറ്റുകളും ഉയർന്ന ഉദ്യോഗസ്ഥവവൃന്ദവും ചേർന്നുള്ള ചങ്ങാത്ത മുതലാളിത്തം രാജ്യത്തിന്റെ പൊതുസ്വത്ത് മുഴുവൻ കൊള്ളയടിച്ചു. ഇന്ത്യയുടെ സമ്പത്തിന്റെ മഹാഭൂരിഭാഗവും വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാരുടെ കൈകളിലായി. ബിജെപിയെ നേരിടാൻ ത്രാണിയില്ലാതെ കോൺഗ്രസ് ദുർബലമായി.
കേരളം മതനിരപേക്ഷതയുടെ കാവലാളാണ്. ജനങ്ങളെ അണിനിരത്തി ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും നേരിടും. പാവപ്പെട്ടവർക്ക് ഗുണമേന്മയോടെ ജീവിക്കാൻ കഴിയാവുന്ന ഏക സംസ്ഥാനം കേരളമാണ്. കൂടുതൽ കരുത്തോടെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ എല്ലാവർക്കും തൊഴിൽ വേണം. കേരളം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ പരിഹരിക്കുകയെന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. നാല് വർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ എന്ന ലക്ഷ്യം സംസ്ഥാനം കൈവരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എം പി, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജില്ലാ സെക്രട്ടറി ഷിജുഖാൻ, ഇ എ സലിം, ബി ബാലചന്ദ്രൻ, പി ജി സുധീർ, പി വി രാജേഷ്, ഷൈൻ രാജേന്ദ്രൻ, ശ്രീമണി, എ എം അൻസാരി, കെ സജീവ് തുടങ്ങിയവർ സംസാരിച്ചു.