തിരുവനന്തപുരം> വിഴിഞ്ഞം സമരത്തിൽ സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാതെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി. മന്ത്രിമാരായ വി അബ്ദുറഹിമാൻ, വി ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച നടത്താനിരുന്ന ചർച്ചയ്ക്ക് സമരസമിതി പ്രതിനിധികൾ വന്നില്ല.
ചർച്ചയ്ക്ക് വരാമെന്ന് ഇവർ പറഞ്ഞിരുന്നതായും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മന്ത്രി അബ്ദുറഹിമാൻ മാധ്യമങ്ങളോടു പ്രതികരിച്ചു. ഔദ്യോഗികമായി അറിയിപ്പ് നൽകിയിരുന്നു. സംഭവിച്ചത് എന്താണെന്ന് പരിശോധിക്കും. സർക്കാരിന് മുൻവിധിയില്ലെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഏതു സമയത്തും പ്രശ്നങ്ങൾ കേൾക്കാം. ഇതിനകം സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യത്തിൽ അഞ്ചെണ്ണം അംഗീകരിക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞു. ഒരു മണിക്കൂറിലധികമാണ് സമരസമിതി പ്രതിനിധികളെ മന്ത്രി കാത്തിരുന്നത്.
സമരത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച പള്ളികളിൽ ആർച്ച് ബിഷപ് തോമസ് ജെ നെറ്റോയുടെ ഇടയലേഖനം വായിച്ചു. 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സമരം നാലുവരെ തുടരാൻ തീരുമാനിച്ചതായി അറിയിച്ചു. രണ്ടിന് അതിരൂപതയിലെ മുഴുവൻ വൈദികരും ബിഷപ് ഹൗസിൽ ചേരും.















