തിരുവനന്തപുരം > അരികുവൽക്കരിക്കപ്പെട്ട ദളിത് വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അയ്യങ്കാളി നടത്തിയ സമരങ്ങൾ ആധുനിക കേരള ചരിത്രത്തിലെ സുവർണ ഏടുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദളിത് കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് വേതനവർധനവിനു വേണ്ടിയും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷകത്തൊഴിലാളി പണിമുടക്ക് ഇന്ത്യൻ ചരിത്രത്തിലെ ആദ്യ തൊഴിൽസമരം കൂടിയാണെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
ജാതി – ജന്മി – നാടുവാഴിത്ത വ്യവസ്ഥക്കെതിരെ ഐതിഹാസിക പോരാട്ടങ്ങൾ നയിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികമാണ് ഇന്ന്. ആ സ്മരണ പുതുക്കാൻ കൂടിയുള്ള അവസരമാണ് ഈ ദിവസം.
സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയുമില്ലാതെ, നരകതുല്യ ജീവിതം നയിച്ചവരാണ് ദളിത് സമൂഹം. ഇവരുടെ അവകാശങ്ങൾക്കായി സമരങ്ങൾ സംഘടിപ്പിക്കാൻ അയ്യങ്കാളി മുന്നിട്ടിറങ്ങി. ചരിത്ര പ്രസിദ്ധമായ വില്ലുവണ്ടി യാത്രയും കല്ലുമാല സമരവും ഭൂപ്രഭുക്കന്മാരെ പ്രകോപിപ്പിച്ചു. ദളിത് കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് വേതനവർധനവിനു വേണ്ടിയും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷകത്തൊഴിലാളി പണിമുടക്ക് ഇന്ത്യൻ ചരിത്രത്തിലെ ആദ്യ തൊഴിൽസമരം കൂടിയാണ്.
അവർണരെന്ന് മുദ്രയടിക്കപ്പെട്ട ജനതക്ക് വിലക്കുകളില്ലാതെ സഞ്ചരിക്കാനും വിദ്യ അഭ്യസിക്കാനും സംഘടിക്കാനുമുള്ള അവകാശങ്ങൾ നേടിയെടുക്കുന്നതിൽ മഹാത്മാ അയ്യങ്കാളി നയിച്ച സമരങ്ങളുടെ പങ്ക് ചെറുതല്ല. ഐതിഹാസികമായ ഇത്തരം ധീര പോരാട്ടങ്ങളാണ് ആധുനിക കേരളത്തിന് അടിത്തറ പാകിയത്. കേരളം നേടിയ സാമൂഹിക പുരോഗതിക്ക് ഈ സമരങ്ങളുടെ പിൻബലമുണ്ട്.
നവലിബറൽ സാമ്പത്തിക നയങ്ങളും വർഗീയ രാഷ്ട്രീയവും ജനജീവിതത്തെ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണിന്ന്. ജനപക്ഷ രാഷ്ട്രീയത്തിലൂന്നി പ്രവർത്തിക്കുന്ന ഇടതുപക്ഷത്തിനേ ഈ വെല്ലുവിളികളെ പ്രതിരോധിക്കാനാവൂ. എൽഡിഎഫ് സർക്കാരിന്റെ ബദൽ സമീപനങ്ങൾ ഈ പുരോഗമന നിലപാടുകളെ പ്രതിഫലിപ്പിക്കുന്നു.സാമുദായിക ഭിന്നതകളെയും സാമൂഹിക അസമത്വത്തെയും മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ ഇനിയുമേറെ ഉയർത്തേണ്ടതുണ്ട്. മഹാത്മാ അയ്യങ്കാളിയുടെ ആവേശമുണർത്തുന്ന ഓർമ്മകൾ അതിനുള്ള പ്രചോദനമായി തീരട്ടെ.