തിരുവനന്തപുരം > സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനുനേരെ ആർഎസ്എസ് ആക്രമണം. വീടിന്റെ ജനൽചില്ലുകൾ തകർന്നു. വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. തുടർച്ചയായ മൂന്നാം ദിവസമാണ് സിപിഐ എം നേതാക്കൾക്കും ഓഫീസുകൾക്കും നേരെ ആക്രമണം ഉണ്ടാകുന്നത്.
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തിൽ മൂന്ന് എബിവിപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരിൽ എൽഡിഎഫ് നടത്തിയ വികസന ജാഥയ്ക്കുനേർക്ക് എബിവിപി പ്രവർത്തകർ ആക്രമണം നടത്തിയത്. ശേഷം തിരുവനന്തപുരം ആറ്റുകാൽ ദേവി ഹോസ്പിറ്റലിൽ പ്രതികൾ ചികിത്സ തേടിയിരുന്നു. വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബുവിനെ ആക്രമിച്ച അതേ പ്രതികൾ തന്നെയാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
ചികിത്സയിലിരിക്കെയാണ് ഇവർ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനു നേർക്ക് കല്ലെറിഞ്ഞതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്നു പൊലീസിനു സൂചന ലഭിച്ചത്.