കണ്ണൂർ> മഴ ശക്തമായതോടെ വടക്കൻ കേരളത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.കടകളിലും വീടുകളിലും വെള്ളം കയറി.കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയിക്കുന്നു. കണ്ണൂരിൽ നെടുമ്പോയിൽ ചുരത്തിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സൂചന. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്.
മലവെള്ളപ്പാച്ചിൽ ശക്തമായ കോഴിക്കോട് വിലങ്ങാട് വനമേഖലയിലും ഉരുൾപൊട്ടിയതായി സംശയിക്കുന്നു. വാണിമേൽ പുഴയിൽ മലവെള്ള പാച്ചിൽ ശക്തമാണ്. വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി. നാദാപുരത്ത് പുഴയിൽ ശക്തമായ കുത്തൊഴുക്കാണുള്ളത്.
മലപ്പുറത്തും കരുവാരകുണ്ടിൽ മഴയും മലവെള്ളപ്പാച്ചിലും ശക്തമാണ്. കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചിലുള്ളത്. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.