കൊച്ചി
ലൈംഗികചൂഷണം തടയാനുള്ള ബോധവൽക്കരണ ആശയം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിന്റെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബച്ചു കുരിയൻ തോമസിന്റെ ഉത്തരവ്.
രണ്ട്മാസത്തിനുള്ളിൽ കേരള സ്കൂൾ ബോർഡും സിബിഎസ്ഇയും വിദഗ്ധസമിതി രൂപീകരിക്കണം. ആറുമാസത്തിനകം റിപ്പോർട്ട് നൽകണം. അടുത്ത അധ്യയനവർഷം മുതൽ പാഠ്യപദ്ധതി നിലവിൽവരണം. സ്കൂൾ വിദ്യാർഥികൾ പ്രതിയും ഇരയുമായുള്ള പോക്സോ കേസ് വർധിച്ച സാഹചര്യത്തിൽ ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ജൂലൈ എട്ടിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 226 പ്രകാരം ഹൈക്കോടതിയുടെ സവിശേഷ അധികാരം ഉപയോഗിച്ചാണ് പാഠ്യപദ്ധതി തയ്യാറാക്കാൻ ഇപ്പോൾ കോടതി ഉത്തരവിട്ടത്.