ടോക്യോ
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയായി സാത്വിക് സായിരാജ് രെങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ കടന്നു. പുരുഷ ഡബിൾസിൽ നിലവിലെ ചാമ്പ്യൻമാരായ ജപ്പാന്റെ താകുരോ ഹോകി–-യുഗോ കെബയാഷി കൂട്ടുകെട്ടിനെയാണ് കീഴടക്കിയത്.
സ്കോർ: 24–-22, 15–-21, 21–-14
സെമിയിലെത്തിയതോടെ മെഡൽ ഉറപ്പായി. പുരുഷ ഡബിൾസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ലോകമെഡൽ നേടുന്നത്. വനിതകളിൽ 2011ൽ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കലം സ്വന്തമാക്കിയിരുന്നു. ഇന്ന് മലേഷ്യയുടെ ആരോൺ ചിയ–സോ വൂയി യിക് കൂട്ടുകെട്ടിനെ തോൽപ്പിച്ചാൽ ഫൈനലിലെത്താം.
കരുത്തുറ്റ എതിരാളികൾക്കെതിരെ സമ്മർദമില്ലാതെയാണ് സാത്വികും ചിരാഗും കളിച്ചത്. ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടു മത്സരം. ഒന്നാം ഗെയിംമിൽ ഒപ്പത്തിനൊപ്പമായിരുന്നു. 24–-22നാണ് ഇന്ത്യൻ സഖ്യം വിജയിച്ചത്. എന്നാൽ, അടുത്തതിൽ ജപ്പാൻകാർ തിരിച്ചടിച്ചു. പക്ഷേ, നിർണായകമായ മൂന്നാം ഗെയിം അനായാസം സാത്വികും ചിരാഗും നേടി. ഇരുപത്തിരണ്ടുകാരനായ സാത്വിക് ആന്ധ്ര സ്വദേശിയാണ്. മഹാരാഷ്ട്രക്കാരനായ ചിരാഗിന് 25 വയസ്സാണ്.
പുരുഷ സിംഗിൾസിൽ എച്ച് എസ് പ്രണോയ് തോറ്റു. ചൈനയുടെ സാവോ ജുൻപെങ്ങാണ് തിരുവനന്തപുരത്തുകാരനെ വീഴ്ത്തിയത് (21-–-19, 6–-21, 18-–-21).
മെഡൽ പ്രതീക്ഷയുമായി എത്തിയ പ്രണോയ് നിരാശപ്പെടുത്തി. ഒന്നാംഗെയിം നേടിയെങ്കിലും പിന്നീട് മികവ് തുടരാനായില്ല. ഡബിൾസിൽ മലയാളിതാരം എം ആർ അർജുനും ധ്രുവ് കപിലും പുറത്തായി. ഇന്തോനേഷ്യൻ കരുത്തരായ മുഹമ്മദ് അഹ്സൻ–ഹെൻഡ്ര സെതിവാൻ കൂട്ടുകെട്ടാണ് ഇവരെ കീഴടക്കിയത്. സ്കോർ: 21–-8, 21–-14.