സൂറിച്ച്
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) ലോക ഫുട്ബോൾ സംഘടനയായ ഫിഫ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. എഐഎഫ്എഫ് ഭരണത്തിൽ മൂന്നാംകക്ഷി ഇടപെടുന്നുവെന്ന് പറഞ്ഞ് ആഗസ്ത് പതിനഞ്ചിനാണ് സസ്പെൻഷൻ പ്രഖ്യാപിച്ചിരുന്നത്.
ഫെഡറേഷന്റെ ഭരണകാര്യങ്ങളിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ ഒഴിവായ സാഹചര്യത്തിലാണ് വിലക്ക് നീക്കിയതെന്ന് ഫിഫ അറിയിച്ചു. സെപ്തംബർ രണ്ടിന് നടക്കുന്ന ഫെഡറേഷൻ തെരഞ്ഞെടുപ്പ് നിരീക്ഷിക്കും. വിലക്ക് ഒഴിവായതോടെ ഒക്ടോബറിൽ നിശ്ചയിച്ച അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും. ഇന്ത്യൻ ടീമുകൾക്കും ക്ലബ്ബുകൾക്കും ഇനി മത്സരങ്ങളിൽ പങ്കെടുക്കാം.
വിലക്കിന് കാരണമായ താൽക്കാലിക ഭരണസമിതി സുപ്രീംകോടതി പിരിച്ചുവിട്ടിരുന്നു. നേരത്തെയുള്ള രീതി പ്രകാരം തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുകയും ചെയ്തതാണ് വിലക്ക് നീക്കാൻ പ്രേരിപ്പിച്ചത്.
കുരുക്കഴിഞ്ഞു, ആശ്വാസം
വിലക്കുവീണ് 12–-ാംനാൾ കുരുക്കഴിഞ്ഞ ആശ്വാസത്തിലാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) കളിക്കാരും ക്ലബ്ബുകളും ആരാധകരും. സുപ്രീംകോടതിയുടെ പുതിയ നിർദേശങ്ങൾ, വിലക്ക് നീക്കുന്നതിൽ നിർണായകമായി.എഐഎഫ്എഫ് ഭരണത്തിൽ മൂന്നാംകക്ഷി ഇടപെടുന്നു എന്നുപറഞ്ഞ് കഴിഞ്ഞ പതിനഞ്ചിനാണ് ഫിഫയുടെ വിലക്ക് ഇടിത്തീപോലെ വരുന്നത്.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ താൽക്കാലിക നടത്തിപ്പിനായി കോടതി നിർദേശപ്രകാരം രൂപീകരിച്ച ഭരണസമിതി സുപ്രീംകോടതി പിരിച്ചുവിട്ടത് വഴിത്തിരിവായി. ഫെഡറേഷന്റെ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുകയും ചെയ്തു. നാമനിർദേശപത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും. സെപ്തംബർ രണ്ടിനാണ് തെരഞ്ഞെടുപ്പ്. ഫുട്ബോൾ അസോസിയേഷനുകൾക്കുമാത്രമാണ് വോട്ട്. കളിക്കാർക്ക് വോട്ടവകാശം നൽകാനുള്ള താൽക്കാലിക ഭരണസമിതിയുടെ നീക്കവും ഫിഫയെ ചൊടിപ്പിച്ചിരുന്നു.
ഇന്ത്യയിലെ പുതിയ സാഹചര്യം വിലയിരുത്തിയ ഫിഫ കൗൺസിൽ, സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനത്തിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ ഇല്ലെന്നും പൂർണമായും എഐഎഫ്എഫിന്റെ കൈയിലാണെന്നും ഫിഫ വിലയിരുത്തി. പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുംവരെ എഐഎഫ്എഫിന്റെ ദൈനംദിന നടത്തിപ്പുചുമതല ആക്ടിങ് സെക്രട്ടറി ജനറൽ സുനന്ദോ ധറിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേഷനാണ്.
വിലക്ക് നേരിട്ട് ബാധിച്ചത് കേരളത്തിലെ രണ്ട് ടീമുകളെയാണ്. ഗോകുലം കേരള എഫ്സി വനിതാ ടീമിന് എഎഫ്സി ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായില്ല. ടീമിന് നിരാശയോടെ തിരിച്ചുപോരേണ്ടിവന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗൾഫിലെ പരിശീലന മത്സരങ്ങൾ റദ്ദാക്കേണ്ടിവന്നു. വിലക്ക് തുടർന്നാൽ ഇന്ത്യക്ക് അണ്ടർ 17 വനിതാ ലോകകപ്പ് നടത്താൻ സാധിക്കുമായിരുന്നില്ല. ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒക്ടോബറിലാണ് ലോകകപ്പ്.