ഹരിപ്പാട്> സ്കൂൾ വാൻ ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. കരുവാറ്റ വടക്ക് കാട്ടിൽ വടക്കതിൽ രമേശൻ (60) ആണ് മരിച്ചത്. കരുവാറ്റ ശ്രീരാമകൃഷ്ണ സ്കൂളിലെ വാൻ ഡ്രൈവറാണ്.
വെള്ളി രാവിലെ 8.30ന് സ്കൂൾ കുട്ടികളുമായി പോകവേ കന്നുകാലി പാലത്തിനടുത്ത് വട്ടമുക്കിൽവച്ച് നെഞ്ചുവേദനയുണ്ടായി. വാൻ റോഡരികിൽ നിർത്തിയതിനാൽ വൻദുരന്തം ഒഴിവായി. വണ്ടിയിലുണ്ടായിരുന്ന ജീവനക്കാരി ബഹളംവച്ചതോടെ ഓടിയെത്തിയ നാട്ടുകാർ രമേശനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
നേരത്തെ ഗൾഫിലായിരുന്ന രമേശൻ മൂന്നുമാസമായി സ്കൂൾ ബസിൽ ഡ്രൈവറായിട്ട്. സംസ്കാരം നടത്തി. ഭാര്യ: ഷീജ. മക്കൾ: രഞ്ജിത്ത്, ആദിത്യ. മരുമകൾ: ജ്യോതി.