കൊച്ചി
മതരാഷ്ട്രമല്ല, മതനിരപേക്ഷരാഷ്ട്രമാണ് നമുക്ക് വേണ്ടെതെന്ന് കർണാടക ഹൈക്കോടതി മുൻ ജഡ്ജി എച്ച് എൻ നാഗമോഹൻ ദാസ് പറഞ്ഞു. എം കെ ദാമോദരൻ വാർഷിക അനുസ്മരണപ്രഭാഷണത്തിന്റെ ഭാഗമായി “മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവുകൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതരാഷ്ട്രത്തിനുള്ള ശ്രമങ്ങളല്ല രാജ്യത്ത് ഉയരേണ്ടത്. ജനങ്ങളെക്കുറിച്ച് അറിയാനും അവരുടെ സമത്വ ചിന്തകളെക്കുറിച്ച് അറിയാനുമാകണം. മതത്തിലേക്ക് രാഷ്ട്രീയം കടന്നുചെല്ലാൻ അനുവദിക്കരുത്. മതവും രാഷ്ട്രീയവും ഒരുമിച്ചാൽ അത് വർഗീയതയിലേക്ക് നയിക്കും. മതപരമായ ചിന്തകൾ വ്യക്തിപരമാകണം. മതത്തിൽനിന്ന് രാഷ്ട്രീയത്തെ മാറ്റിയാൽമാത്രമേ മതേതരസമൂഹം സൃഷ്ടിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
എം കെ ദാമോദരൻ ഫൗണ്ടേഷൻ ഹൈക്കോടതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി. എം കെ ദാമോദരൻ അനുസ്മരണം ഹൈക്കോടതി ജഡ്ജി എ മുഹമ്മദ് മുസ്താഖ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ സെക്രട്ടറി എം ശശിധരൻ, പ്രസിഡന്റ് കെ കെ രവീന്ദ്രനാഥ്, ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജേഷ് വിജയൻ, സ്റ്റേറ്റ് അറ്റോർണി എൻ മനോജ് കുമാർ, ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് പാർവതി സഞ്ജയി എന്നിവർ സംസാരിച്ചു.