പാലക്കാട്> പാലക്കാടും മലപ്പുറത്തുമുണ്ടായ കനത്ത മഴയില് വീടുകളില് വെള്ളം കയറി. മണ്ണാര്ക്കാട് മേഖലയിലാണ് പാലക്കാട് ജില്ലയില് കനത്ത മഴ പെയ്തത്. മലപ്പുറത്ത് കരുവാരക്കുണ്ട് മേഖലയില് ശക്തമായ മഴയുണ്ടായി. രണ്ട് ജില്ലകളിലും മലവെള്ളപ്പാച്ചിലുണ്ടായതായാണ് റിപ്പോര്ട്ട്.
അതേസമയം, വനമേഖലയില് ഉരുള്പ്പൊട്ടലുണ്ടായതായും സംശയിക്കുന്നു. ഇക്കാര്യത്തില് ഇതുവരെ സ്ഥിരീകരണമായിട്ടില്ല. പാലക്കാട് ജില്ലയില് അമ്പലപ്പാറ, മൈലാംപാടം, പൊതുവപ്പാടം പ്രദേശങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. അയിരൂര് തോട് കരകവിഞ്ഞു. വനമേഖലയില് നിന്ന് കൂടുതലായി വെള്ളം താഴേക്ക് ഒഴുകി എത്തുന്നുണ്ട്. പലയിടത്തും വെള്ളക്കെട്ടുകളുണ്ട്. പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്.
മുള്ളറ, ചേരി എന്നിവിടങ്ങളില് വെള്ളപ്പൊക്കമുണ്ടായി. മാമ്പറ്റ പാലത്തിന് മുകളില് വെള്ളം കയറി. വ്യാപക കൃഷി നാശമുണ്ടായതായാണ് പ്രാഥമിക നിഗമനം. വെള്ളം കയറുന്ന സാഹചര്യം നിലനില്ക്കുന്നതിനാല് ഇവിടെയുള്ള കുടുംബങ്ങള്ക്ക് മാറി താമസിക്കാന് നിര്ദ്ദേശം നല്കി
മലപ്പുറത്ത് സൈലന്റ് വാലിയുടെ വടക്ക് പടിഞ്ഞാറന് ഭാഗങ്ങളിലാണ് കനത്ത മഴ തുടരുന്നത്. കരുവാരക്കുണ്ട് ഭാഗത്ത് ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.