കൊച്ചി> എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനക്രമം ആരംഭിക്കാനുള്ള അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നീക്കത്തിനെതിരേ പ്രതിഷേധം. ഒരുവിഭാഗം വൈദികരും വിശ്വാസികളും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനുമുന്നിൽ ഉപവാസവും പ്രതിഷേധവുമായെത്തി. ബുധൻ രാത്രി എട്ടരയോടെ ആരംഭിച്ച പ്രതിഷേധം 10.45-വരെ തുടർന്നു.
അതിരൂപതയിലെ കാനോനിക സമിതികളുമായി ചർച്ച നടത്തിയശേഷമേ ഏകീകൃത കുർബാന സംബന്ധിച്ച അന്തിമതീരുമാനമെടുക്കൂവെന്ന് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് അൽമായ മുന്നേറ്റം ഭാരവാഹികൾ പറഞ്ഞു. അതിരൂപതയിലെ നാൽപതി-ലധികം വൈദികരും നൂറോളം വിശ്വാസികളും പ്രതിഷേധത്തിൽ പങ്കെടുത്തു.
അതിരൂപതയിലെ ബസിലിക്ക ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ ഞായർമുതൽ ഏകീകൃത കുർബാന ക്രമം നടപ്പിലാക്കാൻ സർക്കുലർ ഇറക്കാനൊരുങ്ങിയതാണ് പ്രതിഷേധത്തിനു കാരണം. രാത്രി ഏഴുമുതൽ അതിരൂപത ആസ്ഥാനത്ത് വിശ്വാസികൾ ഉപവാസമുൾപ്പെടെ ആരംഭിച്ചിരുന്നു. അതിനിടെയാണ് ഏകീകൃത കുർബാനയ്ക്കായുള്ള സർക്കുലർ ഇറക്കാൻ മാർ ആൻഡ്രൂസ് താഴത്ത് അതിരൂപത കൂരിയയുമായി ആലോചിച്ചത്. കൂരിയ അംഗങ്ങൾ നിർദേശം നിരസിച്ചതായി പ്രതിഷേധക്കാർ അറിയിച്ചു. ഇതറിഞ്ഞ് കൂടുതൽ വൈദികരും വിശ്വാസികളും ആസ്ഥാനത്തെത്തുകയും പ്രതിഷേധിക്കുകയുമായിരുന്നു