കുന്നംകുളം> കീഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ മകൾ ഇന്ദുലേഖ അറസ്റ്റിൽ. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രൻ്റ ഭാര്യ രുഗ്മിണി (58)യാണ് മരിച്ചത്. സംഭവത്തിൽ മകളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്തിയത് സ്ഥലം കൈക്കലാക്കി സാമ്പത്തിക ബാധ്യത തീർക്കാനാണെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്. ഇക്കഴിഞ്ഞ 18 ന് വിദേശത്തായിരുന്ന മകളുടെ ഭർത്താവിനെ കൊണ്ടുവരാൻ മകൾക്കൊപ്പം നെടുമ്പാശേരിയിൽ പോയിരുന്നു. മടങ്ങി വരുന്നതിനിടെ കഴിച്ച ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് കരുതുന്നത്. വീട്ടിൽ തിരിച്ചെത്തി പിറ്റേ ദിവസം ഛർദ്ദിച്ചതിനെ തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച മരിച്ചു.
കേച്ചേരി സ്വദേശിയായ ചന്ദ്രനും കുടുംബവും 10 വർഷം മുമ്പാണ് കിഴൂരിൽ താമസമാക്കിയത്. മരണ ശേഷം വീടും സ്ഥലവും മകളുടെ പേരിൽ എഴുതി വെച്ചിരുന്നു. സാമ്പത്തിക ബാധ്യത മൂലം ബുദ്ധിമുട്ടിലായ മകൾ അമ്മയെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുത്ത് വില്പന നടത്താനായാണ് ഈ കൊടും ക്രുരതക്ക് മുതിർന്നത്.
അതേസമയം മകൾ ആദ്യം അച്ഛനെ കൊലപ്പെടുത്താനും ശ്രമിച്ചതായും റിപ്പോർട്ട്. എലിവിഷം നൽകി ആദ്യം അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നിടാണ് അമ്മയ്ക്ക് ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. സംസ്കാരത്തിനു ശേഷം പൊലീസ് ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മകൾ പിടിയിലായത്.