കൊച്ചി> സംരംഭക വർഷം പദ്ധതി ആരംഭിച്ച് 145 ദിവസം കഴിയുമ്പോൾ കേരളത്തിൽ 49650 സംരംഭങ്ങൾ ആരംഭിക്കുകയും 108630 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തെന്ന് മന്ത്രി പി രാജീവ്. സംരംഭങ്ങളിലൂടെ 2954 കോടി രൂപയുടെ നിക്ഷേപവും നാട്ടിലെത്തിയെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
പദ്ധതി ലക്ഷ്യമിടുന്നത് ഒരു ലക്ഷം സംരംഭങ്ങളാണെങ്കിലും അതിലേറെ സംരംഭങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന ആത്മവിശ്വാസം സൃഷ്ടിക്കുന്നതാണ് ഈ കണക്കുകൾ. നിക്ഷേപ സൗഹൃദമല്ല കേരളമെന്ന കള്ളപ്രചരണം ഘട്ടംഘട്ടമായി തകരുകയാണ്. ജനങ്ങൾക്കിടയിൽ കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഒരു പ്രശ്നവുമില്ലെന്ന പൊതുബോധം വളർന്നുകൊണ്ടിരിക്കുന്നു. നിക്ഷേപകരുടെ ആത്മവിശ്വാസം വളർത്താൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നു എന്ന് തന്നെയാണ് സംരംഭകവർഷത്തിന്റെ മുന്നേറ്റവും സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.