തിരുവനന്തപുരം> ഒരുകൂട്ടമാളുകളുടെ കൂട്ടായ്മ പരിശ്രമത്തിന്റെയും അധ്വാനത്തിന്റെ ഫലം സ്വന്തം പേരിലാക്കുകയാണ് നമ്പി നരായണനെന്ന് ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞർ. ഐഎസ്ആർഒയിലെ എല്ലാകാര്യങ്ങളുടെയും പിതാവ് താനാണെന്ന നമ്പി നാരായണന്റെ അവകാശവാദം ശുദ്ധഭോഷ്കും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ‘റോക്കട്രി ദി നമ്പി എഫക്ട് ‘ എന്ന സിനിമയിൽ നമ്പി ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങളെന്നും അവർ പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശാസ്ത്രജ്ഞർ.
ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായിരിക്കെ അബ്ദുൾ കലാമിനെപ്പോലും തിരുത്തിയിട്ടുണ്ടെന്ന സിനിമയിലെ വാദം കളവാണ്. 1968-ൽ ഐഎസ്ആർഒയിൽ ടെക്നിക്കൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച നമ്പി നാരായണൻ ഏതാനും മാസങ്ങൾ മാത്രമാണ് എ പി ജെ അബ്ദുൾ കലാമിന്റെ കീഴിൽ ജോലി ചെയ്തത്. നമ്പി നാരായണൻ ചാരക്കേസിൽ അറസ്റ്റിലായതിനാൽ ക്രയോജനിക് എൻജിൻ ഉണ്ടാക്കാൻ വൈകിയെന്നും അത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തെന്നും പറയുന്നു. ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഐഎസ്ആർഒയുടെ ഒരു സംഘത്തിലും നമ്പി അംഗമായിരുന്നില്ല.
1990ൽ ക്രയോജനിക് സാങ്കേതികവിദ്യ കൈമാറുന്നതു സംബന്ധിച്ച് റഷ്യയുമായി ചർച്ചചെയ്യാൻ ഐഎസ്ആർഒ തീരുമാനിച്ചു. എന്നാൽ അമേരിക്കൻ സമ്മർദ്ദത്തെത്തുടർന്ന് സാങ്കേതിക വിദ്യാ കൈമാറ്റം ഒഴിവാക്കി. 1994 നവംബറിൽ നമ്പി സ്വയം വിരമിക്കലിന് അപേക്ഷ നൽകി. ആ മാസം തന്നെ അദ്ദേഹം അറസ്റ്റിലായി. കേസ് കഴിഞ്ഞ് തിരികെ എത്തിയ അദ്ദേഹത്തിന് പ്രത്യേക ചുമതലകൾ നൽകിയിരുന്നില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. വികാസ് എഞ്ചിൻ വികസിപ്പിച്ചതും നമ്പിയാണെന്ന പ്രചരണമുണ്ട്, അതും തെറ്റാണ്. ഫ്രാൻസിന്റെ വൈക്കിങ് എഞ്ചിനാണ് വികാസ് വികസിപ്പിച്ചെടുത്തത്.
1974-ലാണ് ഇതിനായി ഫ്രാൻസിലെ എസ്ഇപിയുമായി കരാറൊപ്പിട്ടത്. മുത്തുനായകമായിരുന്നു അന്ന് പ്രൊജക്ട് ഡയറക്ടർ. ആയിരക്കണക്കിനുപേരുടെ ശ്രമഫലമാണ് ബഹിരാകാശമേഖലയിലെ ഇന്ത്യയുടെ ഓരോ നേട്ടവും. അത് നമ്പി നാരായണന്റേതുമാത്രമായി പ്രചരിപ്പിക്കുന്നത് അതിന്റെ ഭാഗമായവർക്കെല്ലാം വിഷമം ഉണ്ടാക്കുന്നതാണെന്ന് എൽപിഎസ്സി സ്ഥാപക ഡയറക്ടറായിരുന്ന ഡോ. എ ഇ മുത്തുനായകം പറഞ്ഞു. റോക്കട്രി എന്ന സിനിമ 90 ശതമാനവും വാസ്തവവിരുദ്ധമാണ്. എന്നാൽ, സിനിമയിൽ കാണിച്ചവയെല്ലാം സത്യമാണെന്നാണ് നമ്പി ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പറഞ്ഞത്. ജോലിയുപേക്ഷിച്ച് വർഷങ്ങൾക്കുശേഷം നമ്പിക്ക് പദ്മഭൂഷൺ ലഭിച്ചത് ഐഎസ്ആർഒയിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല. അങ്ങനെയായിരുന്നുവെങ്കിൽ അത് നേരത്തെ ലഭിക്കേണ്ടതല്ലേയെന്നും അവർ ചോദിക്കുന്നു. ഡി ശശികുമാരൻ, പ്രൊഫ. ഇ വി എസ് നമ്പൂതിരി, ശ്രീധരൻ ദാസ്, ജയകുമാർ തുടങ്ങി നിരവധി മുൻ ശാസ്ത്രഞ്ജർ പങ്കെടുത്തു സംസാരിച്ചു.