കൊച്ചി/കളമശേരി > കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിലിലെ കൊച്ചിൻ ശാസ്ത്ര-സാങ്കേതിക സർവകലാശാല സെനറ്റ് പ്രതിനിധി ഹരിലാലിനെ വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു സസ്പെൻഡ് ചെയ്തു.
ജൂലൈ 30ന് ചേർന്ന 144ാം ജനറൽ കൗൺസിൽ യോഗത്തിൽ കൺവീനറായ രജിസ്ട്രാർക്കെതിരെ മര്യാദയും ബഹുമാനവും ഇല്ലാതെ പെരുമാറി എന്ന് ആരോപിച്ചാണ് നടപടി. അടുത്ത രണ്ട് യോഗത്തിൽനിന്ന് ഹരിലാലിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ചൊവ്വാഴ്ചയാണ് രജിസ്ട്രാർ ഉത്തരവിറക്കിയത്.
അതേസമയം, ജനറൽ കൗൺസിലിൽനിന്ന് ഒരുഅംഗത്തെ സസ്പെൻഡ് ചെയ്തതിലൂടെ ഇല്ലാത്ത അധികാരമാണ് വിസി പ്രയോഗിച്ചതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. സർവകലാശാല ജീവനക്കാരുടെ സംസ്ഥാന കോൺഫെഡറേഷന്റെ ജനറൽ സെക്രട്ടറിയാണ് ഹരിലാൽ. കാർഷിക സർവകലാശാല വിസിയുടെ ഏകാധിപത്യത്തിന് എതിരെയും ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സർവകലാശാല സംരക്ഷണസമിതി ജൂലൈയിൽ സംസ്ഥാനതലത്തിൽ നടത്തിയ ജാഥയുടെ മുന്നണിയിൽ ഹരിലാൽ ഉണ്ടായിരുന്നു.
സർവകലാശാല ചട്ടം വ്യവസ്ഥ ചെയ്യാത്ത നടപടിയാണ് വൈസ് ചാൻസലർ സ്വീകരിച്ചതെന്ന് ഹരിലാൽ പറഞ്ഞു. ആരോപിക്കപ്പെടുന്നതുപോലെ യോഗത്തിൽ ഒരു അംഗം മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്താൽ ആ യോഗത്തിൽനിന്ന് പിൻവാങ്ങാൻ അധ്യക്ഷൻ എന്ന നിലയിൽ വിസിക്ക് ആവശ്യപ്പെടാം. അതിന് ഫലമില്ലെങ്കിൽ യോഗം സസ്പെൻഡ് ചെയ്യാം. അതല്ലാതെ അംഗത്തെ സസ്പെൻഡ് ചെയ്യാൻ അവകാശമില്ല.
അന്നത്തെ യോഗത്തിൽ ചില നടപടിക്രമങ്ങൾ അനാവശ്യമായി നീട്ടിയപ്പോൾ താൻ നിയമം വായിച്ച് വ്യക്തത വരുത്താനാണ് ശ്രമിച്ചത്. അതിൽ ഇടപെട്ട് രജിസ്ട്രാർ സംസാരിച്ചു. രജിസ്ട്രാർക്ക് ജനറൽ കൗൺസിൽ യോഗത്തിൽ സംസാരിക്കാൻപോലും അവകാശമില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചതാണ് ഇത്തരമൊരു നടപടിക്ക് കാരണമാക്കിയതെന്ന് ഹരിലാൽ പറഞ്ഞു.
സർവകലാശാല രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ.സക്കീർ ഹുസൈൻ മുൻകാല കോൺഗ്രസ് സംഘടനാ നേതാവാണ്. ജനറൽ കൗൺസിൽ യോഗത്തിൽ, അടുത്ത് നടക്കാനിരിക്കുന്ന വിസി സെർച്ച് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷമൊപ്പിക്കാനുള്ള രാഷ്ട്രീയ നീക്കം നടത്തുകയാണ് രജിസ്ട്രാറെന്ന് ഹരിലാൽ പറഞ്ഞു.
അതിലുപരി, യോഗം നടക്കാത്തപ്പോൾ സസ്പെൻഡ് ചെയ്യുന്നതും തെറ്റായ രീതിയാണ്. ഇതിനെതിരെ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും ഹരിലാൽ പറഞ്ഞു.