തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ കനത്തു. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴയുള്ളത്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്. രാത്രിയോടെ തുടങ്ങിയ മഴ പലയിടത്തും തുടരുകയാണ്. മലയോരമേഖലകളിൽ ഒറ്റപ്പെട്ട ഇടിയോട് കുടിയ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി ( Cyclonic Circulation) നിലനിൽക്കുന്നതിനാലാണ മഴ കനക്കുന്നത്. ആഗസ്റ്റ് 27 വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽപോകുന്നവർ ശ്രദ്ധിക്കണം. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.