തിരുവനന്തപുരം
ലോകായുക്ത നിയമഭേദഗതി നിർദേശമടക്കം അഞ്ച് ബിൽ നിയമസഭ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടു. ഒരു ബിൽ പാസാക്കി.
കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ, കേരള ലോകായുക്ത (ഭേദഗതി) ബിൽ, കേരള പബ്ലിക് സർവീസ് കമീഷൻ രണ്ടാം ഭേദഗതി ബിൽ, കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ, കേരള ആഭരണത്തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവയാണ് സബ്ജക്ട് കമ്മിറ്റികൾക്ക് വിട്ടത്. കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ പാസാക്കി.
കേരള പ്രവാസി ക്ഷേമനിധി ബോർഡിൽ പിഎസ്സി നിയമനം ഉറപ്പുവരുത്താനാണ് കേരള പബ്ലിക് സർവീസ് കമീഷൻ രണ്ടാം ഭേദഗതി ബിൽ. ലോകായുക്ത റിപ്പോർട്ടുകൾ നിരാകരിക്കാൻ അധികാരം നൽകുന്ന വ്യവസ്ഥയാണ് ലോകായുക്ത ഭേദഗതി ബില്ലിലെ പ്രധാന ഭേദഗതി നിർദേശം. ലോകായുക്തയുടെ അഭാവത്തിലും അവധിയിലും ചുമതല മുതിർന്ന ഉപലോകായുക്തയ്ക്ക് നിർവഹിക്കാം. അംശാദായ വിഹിതം ഇരുപതിൽനിന്ന് അമ്പത് രൂപയാക്കുന്നതാണ് ആഭരണത്തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ. മാരിടൈം ബോർഡ് നിയമ മാറ്റത്തിലൂടെ ബോർഡിന്റെ ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയതിന് സാധുത നൽകുന്നു. ചെയർമാന്റെയും വൈസ് ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവർഷമാക്കി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്ന നിയമ നടപടികളിലുണ്ടായ കാലതാമസം പരിഹരിക്കുന്നതിനാണ് സഹകരണ ഭേദഗതി ബിൽ. ഹൈക്കോടതി ഇടപെടലിലാണ് ലയന നടപടികൾ വൈകിയത്. കോടതിയും സമ്മതം അറിയിച്ച സാഹചര്യത്തിൽ ആർബിഐ അനുമതിക്ക് കാക്കുകയാണ്. പ്രയോഗത്തിലില്ലാത്തതും തുടർന്ന് ആവശ്യമില്ലാത്തതുമായ 105 നിയമം ഉപേക്ഷിക്കാനാണ് കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ.