തിരുവനന്തപുരം > കേരള ലോകയുക്തയെ ഭരണഘടനയോട് ചേർന്നുനിൽക്കാൻ പ്രാപ്ത്യമാക്കുന്ന നിയമ ഭേദഗതി നടപടികളാണ് സ്വീകരിക്കുന്നതെന്ന് നിയമമന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ല, അന്വേഷണ സംവിധാനമാണ്. ജുഡീഷ്യൽ സംവിധാനമാണ് ലോകായുക്ത എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം നടത്തുന്ന ഏജൻസിതന്നെ വിധിയും പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്തതാണ്. അന്വേഷണ ഏജൻസിയുടെ ശിക്ഷാവിധി നിയമപരവുമല്ല. ഇത് ഭരണഘടനയുമായി ചേർന്നുനിൽക്കില്ല.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലോക് പാൽ നിയമത്തിലും, മറ്റ് സംസ്ഥാനങ്ങൾ കൊണ്ടുവന്ന ലോകായുക്ത നിയമത്തിലും പൊതുസേവകനെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനുള്ള അധികാരമാണ് നൽകിയിട്ടുള്ളത്. കേരള ലോകായുക്ത നിയമത്തിൽമാത്രമാണ് ശിക്ഷയും നിർദേശിക്കുന്ന റിപ്പോർട്ട് അതേപടി സ്വീകരിക്കണമെന്ന് വ്യവസ്ഥയുള്ളത്. ഇതിൽ ഒരുവിധ അപ്പീൽ അവസരവും സൃഷ്ടിക്കുന്നില്ല. കോടതിയുടെ പരിശോധനയ്ക്കുള്ള സാമാന്യ അവകാശവും നിഷേധിക്കപ്പെടുന്നു. ഇത് നിയമ നിർമ്മാണ സഭയുടെ പരിശോധനയിൽ വരാത്ത പ്രശ്നമായിരുന്നു. ഇപ്പോഴാണ് നിയമവിദഗ്ധരുടെ പരിഗണനയിൽ എത്തുന്നത്.
തുടർന്നാണ് ഭരണഘടനാനുസൃതമായ മാറ്റം സംസ്ഥാന ലോകായുക്ത നിയമത്തിൽ വേണമെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കേരള ലോകായുക്ത ഭേദഗതി ബില്ലിന്റെ അവതരണ വേളയിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള ഉന്നയിച്ച തടസവാദങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. ലോകായുക്തയുടെ ജൂഡീഷ്യൽ അധികാരം കവരുന്ന അപ്പലേറ്റ് അധികാരിയായി എക്സിക്യുട്ടിവിനെ മാറ്റുന്നതാണ് നിയമ ഭേഗദതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അഴിമതി നിരോധന സംവിധാനത്തെ തകർക്കുകയാണെന്നും സതീശൻ പറഞ്ഞു.