കട്ടപ്പന> പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പന്നിയാർ ചുണ്ടൽ ഗാന്ധിഗ്രാം കോളനി സ്വദേശി ബാലാജി (34) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കട്ടപ്പനയിൽ വച്ചാണ് സംഭവം.
കട്ടപ്പനയിലേയും പരിസര പ്രദേശങ്ങളിലേയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിയ്ക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി. തോട്ടങ്ങളിൽ വളം ഇറക്കി കഴിഞ്ഞ് തിരികെ ലോഡ്ജിലേയ്ക്ക് മടങ്ങും വഴി ഇടുക്കി കവലയിൽ നിന്നും പൊറോട്ട വാങ്ങി ലോറിയിൽ ഇരുന്ന് തന്നെ കഴിക്കുന്നതിനിടെയാണ് ബാലാജിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. ശ്വാസതടസം നേരിട്ടതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും ലോറി ഡ്രൈവറും ചേർന്ന് ബാലാജിയെ ഓട്ടോ റിക്ഷയിൽ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു.
കൂലിപ്പണിക്കാരനായ ബാലാജി ജോലി ഒന്നുമില്ലാതിരുന്നനെ തുടർന്നാണ് ലോറിയിൽ വളം ഇറക്കുന്ന സഹായത്തിനായി കട്ടപ്പനയിൽ എത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: ശാന്തി. മക്കൾ: അർജുൻ, അശ്വിൻ.