തിരുവനന്തപുരം> സിൽവർ ലൈൻ പദ്ധതിക്ക് ഏതു ഘട്ടത്തിലായാലും കേന്ദ്രസർക്കാരിന് അനുമതി നൽകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനം പദ്ധതി ഉപേക്ഷിച്ചിട്ടില്ല. നാടിന്റെ ഭാവി വികസനത്തിന് ഏറ്റവും സഹായകമായ പദ്ധതിയാണ്. കേന്ദ്രംഅനുമതി നൽകുമെന്ന സൂചനകളാണ് ഉണ്ടായിരുന്നത്. എന്നാൽ, ചിലരുടെ ഇടപെടൽകൊണ്ട് കേന്ദ്രം ഇപ്പോൾ ശങ്കിച്ചുനിൽകുകയാണ്. പദ്ധതിക്ക് ഇപ്പോഴല്ലെങ്കിൽ ഭാവിയിൽ അനുമതി നൽകേണ്ടി വരും. കേന്ദ്രം ഇപ്പോൾ അനുമതി നൽകില്ല എന്നു പറയുമ്പോൾ ഇപ്പോൾ നടത്തും എന്നുപറയാൻ സംസ്ഥാനത്തിന് കഴിയില്ല.
സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ കേസുകൾ പിൻവലിക്കുന്നത് പരിഗണനയില്ല. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമൂഹികാഘാത പഠത്തിനായി കല്ലിടുന്നതിനൊപ്പം ജിയോ ടാഗിങും ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുമേഖലയിൽ ഒന്നുംവേണ്ട എന്നത് ആഗോള വൽക്കരണ നിലപാടാണ്. അതിനോട് സർക്കാരിനോ എൽഡിഎഫിനോ യോജിപ്പില്ല. രാജ്യത്താകെ നടപ്പാക്കുന്ന ഉദാരവൽക്കരണ നയത്തിന് ബദൽ ഉയർത്തിയാണ് കേരളം മുന്നോട്ടുപോകുന്നതെന്നും ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.