തിരുവനന്തപുരം> വിഴിഞ്ഞത്ത് ആരുടെയും പാർപ്പിടവും ജീവനോപാധിയും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാരിന്റെ സമീപനം തുടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ ആരുടെയും ജീവനോപാധിയും പാർപ്പിടവും നഷ്ടപ്പെടില്ല എന്നതാണ് ആ ഉറപ്പ്. അതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. അതുകൊണ്ട് എന്ത് പ്രശ്നമായാലും ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണ് ആ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചർച്ച ചെയ്തു, ഇന്നും ചർച്ച ചെയ്യും, നാളെയും ആവശ്യമാണെങ്കിൽ ചർച്ച ചെയ്യും. അതിൽ ഒരു മടിയും സർക്കാരിനെ സംബന്ധിച്ചില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
നമ്മുടെ നാടിന്റെ പശ്ചാത്തലസൗകര്യ വികസനത്തിനായി നടപ്പാക്കി വരുന്നതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ ബൃഹത് പദ്ധതികളെപ്പറ്റി സംസ്ഥാന സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പക്ഷെ പദ്ധതികൾ നടപ്പാക്കുമ്പോൾ സ്വഭാവികമായും ചില ആശങ്കൾ ഉയരുമെന്നത് നാം കാണേണ്ടതുണ്ട്. ആ ആശങ്കകൾക്ക് ആക്കം കൂട്ടാനും അടിസ്ഥാന രഹിതമായ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമങ്ങൾ ഉണ്ടാകാൻ പാടില്ല. പദ്ധതികൾ നടപ്പാക്കേണ്ടതില്ല, നാടിന്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയിൽ നിൽക്കട്ടെയെന്ന സമീപനം വികസനവിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണ്.
പ്രദേശവാസികൾക്ക് പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട് എന്നത് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് ചർച്ചകളിലൂടെ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകാനാണ് സർക്കാർ താൽപര്യപ്പെടുന്നത് ആ ശ്രമം സർക്കാർ തുടരുക തന്നെ ചെയ്യും. ആ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനു പകരം തുരങ്കംവയ്ക്കുന്ന സമീപനം സ്വീകരിക്കുന്നത് ഭാവിതലമുറയോടുള്ള അനീതി മാറും എന്ന് ഓർക്കേണ്ടതുണ്ട്.
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി പോലൊരു പശ്ചാത്തല വികസന പദ്ധതി ഇച്ഛാശക്തിയോടെ നടപ്പാക്കുമ്പോൾ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ സമ്പദ് ഘടനയിലുണ്ടാകുന്ന ഉത്തേജനം അതുവഴി ആകെ സമ്പാത്തിക മേഖലയുടെ ധ്രുതഗതിയിലുള്ള വളർച്ച ഇവയാണ് യാഥാർത്ഥ്യമാകുന്നത് എന്ന് നാം കാണണം. അത് ചെറിയ ഫലമല്ല ഉണ്ടാക്കുക അനുബന്ധ വികസനവും ജനജീവിതത്തിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളും വലുതായിരിക്കും. ഇപ്പോൾ വിഴിഞ്ഞം പദ്ധതി ഒരു യാഥാർത്ഥ്യമാണ്. അത് നല്ല രീതിയിൽ പുരോഗമിച്ചു വരികയുമാണ്. സമയബന്ധിതമായി പൂർത്തികരിക്കലാണ് പ്രശ്നം. ഇത്രയുമെത്താൻ നാട് വലിയ രീതിയിൽ സംഭാവന നൽകിയിട്ടുണ്ട് എന്നും നാം ഓർക്കേണ്ടതായിട്ടുണ്ട്.
പശ്ചാത്തലസൗകര്യ വികസന പദ്ധതികളെ ഞങ്ങൾ സങ്കുചിത വീക്ഷണത്തോടെയല്ല ഞങ്ങൾ കാണുന്നത്. ഈ നാടിന്റെ വികസനത്തെപ്പറ്റി ഞങ്ങളുടെ കാഴ്ചപ്പാടിന്റെ ഭാഗമാണിത്. അതിനാൽ വിഴിഞ്ഞം പദ്ധതിയെ അത് ഒരു തരത്തിലും നടപ്പാക്കേണ്ടതില്ല എന്നൊരു സമീപനം ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല. അത് ഈ സമൂഹത്തിന് അംഗീകരിക്കാൻ സാധ്യവുമല്ല. പ്രശ്നങ്ങൾ ഉണ്ടാകും, അത് ഇത്തരം പദ്ധതികളുടെ ഭാഗമായി സ്വാഭാവികവുമാണ്. അവയോട് സർക്കാർ സ്വീകരിക്കുന്ന സമീപനമാണ് പ്രധാനമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.