കൊച്ചി> നയതന്ത്ര ബാഗേജിൽ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്നാ സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കികൊടുത്തയാള് പഞ്ചാബില്‍ അറസ്റ്റില്‍. അമൃത്സര്‍ സ്വദേശി സച്ചിന് ദാസാണ് കന്റോണ്‍മെന്റ് പൊലീസിന്റെ പിടിയിലായത്.
മുംബൈയിലെ ബാബാ സാഹേബ് അംബേദ്കര്‍ യൂണിവേഴ്സിറ്റിയുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. ഐടി വകുപ്പില്‍ ജോലി നേടാന്‍ സ്വപ്ന ഉണ്ടാക്കിച്ചതാണ് ഈ വ്യാജ ബിരുദം.
സച്ചിന് ദാസിന്റെ ഒളിത്താവളത്തില്‍ നിന്നും കേരളത്തിലേത് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളുടെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തു. ഈ സംഭവത്തില്‍ നേരത്തെ സ്വപ്നാ സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഒരു സുഹൃത്ത് വഴിയാണ് സ്വപ്നാ സുരേഷ് സച്ചിനെ പരിചയപ്പെട്ടതെന്ന് പറയുന്നു. സ്പേയ്സ് പാര്‍ക്കില്‍ സ്വപ്നാ സുരേഷ് ജോലി സമ്പാദിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണെന്നാണ് പൊലീസ് കണ്ടെത്തല്‍.