മണ്ണാർക്കാട്> അട്ടപ്പാടി മധു വധക്കേസിൽ കോടതി ജാമ്യം റദ്ദാക്കിയ 12 പ്രതികളിൽ ഒമ്പതുപേർ ഒളിവിൽ. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അഗളി ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിൽ പത്ത് ടീമായാണ് അന്വേഷണം. ഹർജി പരിഗണിക്കുന്ന ദിവസം കോടതിയിൽ ഹാജരായ മൂന്ന് പേരെ ശനിയാഴ്ച തന്നെ ജയിലിലേക്ക് അയച്ചു. ഇവരെ മൂന്നുവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കുള്ള അന്വേഷണം ഊർജിതമാണ്. പ്രതികളുടെ മൊബൈൽ ഫോൺൺ കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരച്ചിൽ. സാക്ഷികളെ സ്വാധീനിച്ചതിന് 16 പ്രതികളിൽ 12 പേരുടെ ജാമ്യം മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ശനിയാഴ്ച റദ്ദാക്കിയിരുന്നു. വിസ്തരിച്ച 13 സാക്ഷികളിൽ 11 പേരും കൂറുമാറിയതോടെയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ഹർജി നൽകിയത്. അതിൽ വിധി വരുന്നതുവരെ സാക്ഷിവിസ്താരം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നത് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സാക്ഷികൾക്ക് പണം നൽകുക, ഹോട്ടൽമുറിയിൽ സാക്ഷികളെ വിളിച്ച് ചർച്ചനടത്തുക, ആദിവാസി സ്ത്രീയുടെ പേരിൽ സിംകാർഡ് എടുത്ത് സാക്ഷികളെ സ്വാധീനിക്കാൻ വിളിക്കുക തുടങ്ങിയ തെളിവുകൾ പൊലീസ് ശേഖരിച്ച് പ്രോസിക്യൂഷന് നൽകിയിരുന്നു. ഇതാണ് കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ സഹായകമായത്.
ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിക്കുന്നതുവരെ ഒളിവിൽ കഴിയാനാണ് പ്രതികൾക്ക് നൽകിയ നിർദേശമെന്നറിയിന്നു.
രണ്ടാം പ്രതി കെ മരയ്ക്കാർ, മൂന്നാം പ്രതി പി ഷംസുദീൻ, അഞ്ചാം പ്രതി ടി രാധാകൃഷ്ണൻ, ആറാം പ്രതി പി അബൂബക്കർ, ഒൻമ്പതാം പ്രതി വി നജീബ്, പത്താം പ്രതി എം വി ജൈജുമോൻ, പതിനൊന്നാം പ്രതി സി അബ്ദുൾകരീം, പന്ത്രണ്ടാം പ്രതി പി പി സജീവ്, പതിനാറം പ്രതി വി മുനീർ എന്നവരാണ് ഒളിവിൽ കഴിയുന്നത്. നാലാം പ്രതി കെ അനീഷ്, ഏഴാം പ്രതി പി കെ സിദ്ദീഖ്, പതിനഞ്ചാം പ്രതി സി ബിജു എന്നിവരാണ് റിമാൻഡിലുള്ളത്.