തിരുവനന്തപുരം > ഇന്ത്യന് സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള് അനുസ്മരിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യന് ജനതയെ ചേരിതിരിക്കാനും നമ്മുടെ ഒരുമയെ തകര്ക്കാനും നടത്തപ്പെടുന്ന ശ്രമങ്ങള്ക്ക് പിന്നിലുള്ളത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില് അണിചേരാതിരുന്ന ശക്തികളാണെന്നും അവയെ ചെറുക്കേണ്ടതും അവയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തേണ്ടതും ഇന്ത്യയെ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്ത്തേണ്ടതിന് ഒഴിച്ചുകൂടാനാവാത്തതാണ് എന്നും പ്രമേയത്തിൽ പറഞ്ഞു. സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്ക്ക് ധീരമായ നേതൃത്വം നല്കിയും അതില് പങ്കെടുത്തും രാജ്യത്തിനുവേണ്ടി സ്വജീവന് അര്പ്പിച്ച എല്ലാ ധീരരക്തസാക്ഷികളുടെയും സ്മരണകള്ക്ക് മുന്നില് സ്വാതന്ത്ര്യലബ്ധിയുടെ ഈ 75-ാം വാര്ഷികത്തില് കേരള നിയമസഭ ആദരാഞ്ജലികള് അര്പ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രമേയം ചുവടെ
ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും അണിനിരന്ന ഉജ്ജ്വലമായ ജനകീയ സമരങ്ങളുടെ ഫലമായാണ് നൂറ്റാണ്ടുകള് നീണ്ട വൈദേശിക ആധിപത്യത്തെ തകര്ത്തെറിഞ്ഞ് 1947 ആഗസ്റ്റ് 15 ന് നമ്മുടെ രാജ്യം സ്വതന്ത്രമായത്. സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്ക്ക് ധീരമായ നേതൃത്വം നല്കിയും അതില് പങ്കെടുത്തും രാജ്യത്തിനുവേണ്ടി സ്വജീവന് അര്പ്പിച്ച എല്ലാ ധീരരക്തസാക്ഷികളുടെയും സ്മരണകള്ക്ക് മുന്നില് സ്വാതന്ത്ര്യലബ്ധിയുടെ ഈ 75-ാം വാര്ഷികത്തില് കേരള നിയമസഭ ആദരാഞ്ജലികള് അര്പ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയതിന്റെ പേരില് രാജ്യത്തൊട്ടാകെയുള്ള വിവിധ ജയിലുകളില് അടയ്ക്കപ്പെട്ട് കൊടിയ പീഡനങ്ങളും യാതനകളും നേരിടേണ്ടിവന്ന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എല്ലാ സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ സംഭാവനകളെയും കേരള നിയമസഭ ഈയവസരത്തില് നന്ദിയോടെ സ്മരിക്കുന്നു.
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും അവയുടെ സമ്പന്നമായ സംസ്കാരങ്ങളെയും നിരവധി ഭാഷകളെയും, വ്യത്യസ്ത ധാരകളില്പ്പെട്ടതും സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചതുമായ ഇവിടുത്തെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളെയും, മതവിശ്വാസികളെയും, മതവിശ്വാസികളല്ലാത്തവരെയും എല്ലാം ഉള്ക്കൊള്ളുന്നതായിരുന്നു മഹത്തായ നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനം എന്ന് കേരള നിയമസഭ ഓര്മ്മിക്കുന്നു. അതില് പങ്കെടുത്ത ആദിവാസികള്, ദളിതര്, യുവജനങ്ങള്, വിദ്യാര്ത്ഥികള്, കര്ഷകര്, കര്ഷക തൊഴിലാളികള്, തൊഴിലാളികള്,സ്ത്രീകള് തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളെയും ഈ സഭ അഭിവാദ്യം ചെയ്യുന്നു. അവരുടെ ബഹുജന പ്രക്ഷോഭങ്ങള് മുന്നോട്ടുവെച്ചതും ഇന്ത്യന് സ്വാതന്ത്ര്യ പ്രസ്ഥാനമാകെ ഉയര്ത്തിപ്പിടിച്ചതുമായ മൂല്യങ്ങള് അടങ്ങിയ ഇന്ത്യന് ഭരണഘടനയുടെ സംരക്ഷണത്തിനായി നിലകൊള്ളാന് പ്രതിജ്ഞാബദ്ധമാണ് ഈ നിയമസഭയിലെ എല്ലാ അംഗങ്ങളും.
വൈദേശിക ആധിപത്യത്തിന് അവസാനം കുറിക്കാന് തക്കവണ്ണം ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്ക്ക് ശക്തി പകര്ന്നത് സര്വ്വരെയും ഉള്ക്കൊള്ളുന്ന ‘നാനാത്വത്തില് ഏകത്വം’ എന്ന നമ്മുടെ മഹത്തായ കാഴ്ചപ്പാടായിരുന്നു എന്ന് കേരള നിയമസഭ ഊന്നിപ്പറയുന്നു. ഇന്ന് അത്തരം കാഴ്ചപ്പാടുകള്ക്ക് വിരുദ്ധമായ നീക്കങ്ങള് രാജ്യത്താകമാനം നടക്കുന്നു എന്നും പലതിന്റെയും പേരില് ഇന്ത്യന് ജനതയെ ചേരിതിരിക്കാനും നമ്മുടെ ഒരുമയെ തകര്ക്കാനും നടത്തപ്പെടുന്ന ശ്രമങ്ങള്ക്ക് പിന്നിലുള്ളത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില് അണിചേരാതിരുന്ന ശക്തികളാണെന്നും ഈ സഭ പ്രസ്താവിക്കുന്നു. അവയെ ചെറുക്കേണ്ടതും അവയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തേണ്ടതും ഇന്ത്യയെ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്ത്തേണ്ടതിന് ഒഴിച്ചുകൂടാനാവാത്തതാണ് എന്ന് കേരള നിയമസഭ കരുതുന്നു.
അതിനായുള്ള പ്രവര്ത്തനങ്ങള് ഏറ്റെടുക്കുമെന്നും സ്വതന്ത്ര ഇന്ത്യക്കായി പൊരുതിയ ധീരദേശാഭിമാനികളുടെ സ്വപ്നങ്ങള് സാക്ഷാത്കരിക്കുമെന്നും ഇന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള് അനുഭവിക്കുന്ന യാതനകളില് നിന്ന് അവര്ക്ക് മോചനം നേടിയെടുക്കാനുള്ള ഇടപെടലുകള് നടത്തുമെന്നും ഇന്ത്യന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്ഷികത്തില് കേരള നിയമസഭയിലെ ഓരോ അംഗവും പ്രതിജ്ഞ എടുക്കുന്നു.