കോഴിക്കോട്> ജെഡിടി ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് സ്റ്റുഡന്റ്സ് ഇനീഷിയേറ്റീവ് പാലിയേറ്റീവ് കെയർ ഭിന്നശേഷിക്കാരെ സഹായിക്കാൻ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ സംഘർഷം. ടിക്കറ്റ് വച്ച് നടത്തിയ പരിപാടിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ആൾക്കൂട്ടം പ്രകോപിതരായി. പ്രതിഷേധം അതിരുകടന്നതോടെ പൊലീസ് ലാത്തിവീശി. സംഘാടകരും സംഗീത പരിപാടി കേൾക്കാനെത്തിയവരും ഉൾപ്പെടെ അമ്പതോളം പേർക്ക് പരിക്കേറ്റു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായർ രാത്രി രണ്ട് മണിക്കൂറോളം ബീച്ചും പരിസരവും സംഘർഷഭരിതമായി.
555 ദി റൈൻ ഫെസ്റ്റ് കാർണിവൽ എന്ന പേരിലാണ് മൂന്ന് ദിവസമായി പരിപാടി സംഘടിപ്പിച്ചത്. നിർധന രോഗികൾക്ക് മെഡിക്കൽ ക്യാരവന് ഫണ്ട് സ്വരൂപിക്കാൻ ലക്ഷ്യമിട്ടായിരുന്നു പരിപാടി. വൈകിട്ടത്തെ പരിപാടിക്ക് വിദ്യാർഥികൾ മുൻകൂട്ടി ടിക്കറ്റ് വിറ്റഴിച്ചിരുന്നു. പരിപാടി സ്ഥലത്തും പ്രത്യേക കൗണ്ടർ ഒരുക്കി. ബീച്ചിൽ സജ്ജമാക്കിയ വേദി ഞായർ വൈകിട്ട് ആറോടെ നിറഞ്ഞു. സംഘാടകർ പ്രവേശന കവാടം അടച്ചതോടെ യുവാക്കൾ ഉൾപ്പെടെ വൻ സംഘം വേദിയിലേക്ക് ഇരച്ചുകയറി. പ്രതിഷേധക്കാർ വേദിയിലേക്ക് പൂഴിയും കാലിക്കുപ്പികളും വലിച്ചെറിഞ്ഞു. ഭിന്നശേഷിക്കാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പരിഭ്രാന്തരായി. നഗരത്തിന്റെ വിവിധ സ്റ്റേഷനുകളിൽനിന്ന് പൊലീസ് എത്തിയെങ്കിലും പ്രതിഷേധക്കാർ മടങ്ങിയില്ല. ഇതിനിടെ പൊലീസിനുനേരെയും അതിക്രമമുണ്ടായി. പ്രതിഷേധക്കാർ ബാരിക്കേഡ് തകർത്ത് അകത്തുകടന്നതോടെ പൊലീസ് ലാത്തിവീശി.
ആൾക്കൂട്ടം ചിതറിയോടിയതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർക്ക് പരിക്കേറ്റു. രണ്ട് മണിക്കൂറോളം പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ബീച്ചിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ച യുവാക്കൾ പൊലീസിനെ കൂക്കിവിളിച്ചും പൂഴി എറിഞ്ഞും പ്രകോപനം സൃഷ്ടിച്ചു. കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരെ സ്വകാര്യ ആശുപ്രത്രികളുടെയും സന്നദ്ധ സംഘടനകളുടെയും ആംബുലൻസിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയായതിനാൽ ബീച്ചിൽ സന്ദർശകരുടെ വൻ തിരക്കായിരുന്നു. വാഹനം കിട്ടാതെ ഇവരും വലഞ്ഞു.