കാക്കനാട്> കാക്കനാട് ഇടച്ചിറയിലെ ഫ്ലാറ്റിൽ യുവാവിനെ കുത്തിക്കൊന്നത് താൻ ഒറ്റയ്ക്കാണെന്ന് അറസ്റ്റിലായ സുഹൃത്ത് കോഴിക്കോട് ഇരിങ്ങൽ അയനിക്കാട് കൊളാരിക്കണ്ടിയിൽ കെ കെ അർഷാദ്. ഇൻഫോപാർക്കിലെ ഹോട്ടലിൽ ജീവനക്കാരനായ മലപ്പുറം വണ്ടൂർ അമ്പലപ്പടി പുത്തൻപുരയിൽ സജീവ് കൃഷ്ണനെ (22) അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് കൊന്നതായാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ മറ്റാരുടെയെങ്കിലും സ്വാധീനമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു.
സജീവും അർഷാദും തമ്മിൽ ലഹരി–-സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതിനെച്ചൊല്ലി ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പ്രാഥമിക ചോദ്യംചെയ്യലിൽ വ്യക്തമായതെന്ന് തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു. അർഷാദിൽനിന്ന് സജീവ് പണം കടം വാങ്ങിയിരുന്നതായും അത് തിരിച്ചുചോദിച്ചപ്പോൾ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതായുമാണ് പ്രതി പറയുന്നത്. ലഹരി ഇടപാടിലെ കണ്ണികളെക്കുറിച്ചും പൊലീസ് വിപുലമായി അന്വേഷിക്കും.
കൊലപാതകം നടന്ന ഫ്ലാറ്റിൽ ശനിയാഴ്ച വൈകിട്ട് ഇൻഫോപാർക്ക് പൊലീസ് അർഷാദുമായി തെളിവെടുപ്പ് നടത്തി. ഫ്ലാറ്റിൽ ആളുകൾവന്ന് ലഹരി ഉപയോഗിക്കുകയും വാങ്ങുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടത്തിയശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് സാധൂകരിക്കുന്ന വിവരങ്ങളും ലഭിച്ചു. 27 വരെയാണ് കോടതി അർഷാദിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇയാൾ പോയ സ്ഥലങ്ങളിൽ എത്തിച്ച് വരുംദിവസങ്ങളിൽ കൂടുതൽ തെളിവെടുപ്പ് നടത്തും.
ലഹരിമരുന്നുകൾ കൈവശം വച്ചതിന് കാസർകോട് ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി അർഷാദിനെ റിമാൻഡ് ചെയ്തിരുന്നു. ഇൻഫോപാർക്ക് പൊലീസ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിൽ വാങ്ങി, ശനി പുലർച്ചെയാണ് കൊച്ചിയിലെത്തിച്ചത്. രക്ഷപ്പെടാൻ സഹായിച്ചതിന് ഒപ്പം പിടികൂടിയ അശ്വന്തിന് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.