തിരുവനന്തപുരം> സൊമാറ്റോ ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലയിലെ വിതരണ തൊഴിലാളികൾ തിരുവനന്തപുരം ജില്ലയിൽ മൂന്നു ദിവസമായി നടത്തിയ സമരം വിജയം കണ്ടു. അഡീ ലേബർ കമ്മിഷണർ കെ ശ്രീലാലിന്റെ നേതൃത്വത്തിൽ ലേബർ കമ്മിഷണറേറ്റിൽ നടത്തിയ ഒത്തുതീർപ്പു ചർച്ചയെ തുടർന്നാണ് തൊഴിലാളികൾ സമരം പിൻവലിച്ചത്. ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം പ്രതിവാര ഇൻസെന്റീവും മഴസമയങ്ങളിൽ ഇൻസെന്റീവും ഹോട്ടലിലെ വെയിറ്റിങ് സമയത്തിൽ കുറവും വരുത്താൻ തീരുമാനമായി.
നാലായിരം രൂപയ്ക്കുമേൽ ഭക്ഷണ വിതരണം നടത്തുമ്പോൾ 15 ശതമാനം കമീഷനും 5000ത്തിനുമേൽ 25 ശതമാനവും 7500 രൂപയ്ക്കുമുകളിൽ ഭക്ഷണവിതരണം നടത്തുമ്പോൾ 35 ശതമാനവും വിതരണത്തൊഴിലാളികൾക്ക് ഇൻസെന്റീവായി ലഭിക്കും. മഴയുള്ള സമയങ്ങളിൽ ലഭിച്ചിരുന്ന ബോണസ് പുന സ്ഥാപിക്കും. തിരക്കുള്ള സമയങ്ങളിൽ അത് 25 രൂപയും അല്ലാത്ത സമയങ്ങളിൽ 20 രൂപയുമാണ് ലഭിക്കുക.
വെയിറ്റിങ്ങിനുള്ള അധികത്തുക കണക്കാക്കാൻ റെസ്റ്റോറന്റുകളിലെ കുറഞ്ഞ വെയിറ്റിങ് സമയം 15 മിനിറ്റിൽനിന്ന് 10 മിനിറ്റാക്കി കുറച്ചു. വിതരണ ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകണം. ആഴ്ചയിലെ ആറു ദിവസത്തെ പ്രവർത്തനം വിലയിരുത്തി അർഹമായ വേതനം നൽകണമെന്നും ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായി.
ചർച്ചയിൽ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് സൊമാറ്റോ കേരള കർണാടക സ്റ്റേറ്റ് ഹെഡ് ഹിരൺ വി എം, സൊമാറ്റോ സൗത്ത് ഇന്ത്യ റീജ്യണൽ ഹെഡ് അഭിഷേക് ഷെട്ടി എന്നിവരും തൊഴിലാളികളെ പ്രതിനിധീകരിച്ച് ഡോ ഷിജു ഖാൻ, അനൂപ് വി, സുരേഷ് ഡി, ബാലചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.