കൊച്ചി> കാക്കനാട് ഫ്ലാറ്റ് കൊലപാതക കേസിൽ പ്രതി അർഷാദിനെ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ട് ദിവസം പൊലീസ് കസ്റ്റഡിയിൽവിട്ടു. ഇന്ന് പുലർച്ചെ കാസർകോട് നിന്നും അർഷദിനെ കൊച്ചിയിലെത്തിച്ചത്.
കൊലപാതകത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിൽ അർഷാദിന് സഹായികൾ ആരെങ്കിലുമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കായികശേഷിയുള്ള സജീവിനെ കൊന്ന് ഡക്ടിനുള്ളിൽ ഒളിപ്പിക്കാൻ ഒരാൾക്ക് തനിയെ കഴിയില്ല. കൊലപാതകശേഷം ഫ്ലാറ്റിലെ രക്തക്കറ കഴുകിക്കളഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിൽ പണമിടപാടിന്റെപേരിൽ വാക്കുതർക്കമുണ്ടായിട്ടുള്ളതായും പൊലീസ് പറയുന്നു. ഫ്ലാറ്റിൽ പതിവായി ലഹരി ഉപയോഗം നടന്നതിന്റെ തെളിവുകൾ അന്വേഷകസംഘത്തിന് ലഭിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സജീവിന്റെ സുഹൃത്തുക്കളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയത്.