ഗൂഡല്ലൂർ > ഊട്ടിക്ക് സമീപം അരകാട് ഗ്രാമത്തിൽ നാലുവയസ്സുകാരിയെ കടിച്ചുകൊന്ന പുള്ളിപ്പുലി കൂട്ടിൽ കുടുങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് അസം സ്വദേശി കിസാന്തിന്റെ മകൾ നാലുവയസ്സുകാരി സരിതയെ വീടിനു സമീപം കളിച്ചുകൊണ്ടിരിക്കവെ പുള്ളിപുലി കടിച്ചുകൊണ്ട് പോയത്.
പെൺകുട്ടിയുടെ കരച്ചിൽ കേട്ട് പരിസരത്തെ തേയിലത്തോട്ടത്തിൽ ജോലിചെയ്യുന്നവർ ഓടി വന്നപ്പോൾ പുലി ഓടി രക്ഷപ്പെട്ടു.കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഊട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവസ്ഥലം പരിശോധിച്ച് വനംവകുപ്പ് പുലിയുടെ കാൽപ്പാടുകൾ കാണുകയും കൊന്നതാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
അവിടെ ജോലിക്ക് പോകാൻ തൊഴിലാളികൾ ഭയപ്പെട്ടതോടെ വനം വകുപ്പ് 15 സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കുകയും ക്യാമറകളിൽ പുലികളുടെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് കൂട് സ്ഥാപിച്ചത്. ശനിയാഴ്ച പുലർച്ചെ പുലി കൂട്ടിൽ അകപ്പെട്ടു. പുലിയെ പിന്നീട് ഊട്ടിയിൽ നിന്നും വനംവകുപ്പ് വാഹനത്തിൽ കൊണ്ടുവന്ന് മുതുമല കടുവാ കേന്ദ്രത്തിലെ വനത്തിൽ വിട്ടയച്ചു.