തലശേരി > യുഎഇ ദേശീയ ക്രിക്കറ്റ് ടീമിനെ മലയാളിതാരം റിസ്വാൻ റഹൂഫ് നയിക്കും. ശനിയാഴ്ച ഒമാനിൽ നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ ഈ തലശേരി സ്വദേശി നയിക്കുന്ന ടീം യോഗ്യത നേടിയാൽ 27ന് ആരംഭിക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ, പാകിസ്ഥാൻ ടീമുകൾക്കെതിരെ യുഎഇക്ക് മത്സരിക്കാം. കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ്, കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫു എന്നിവരാണ് ടീമിലെ മറ്റു മലയാളികൾ.
റിസ്വാൻ 2019 മുതൽ യുഎഇ ടീമിന്റെ ഭാഗമാണ്. കഴിഞ്ഞവർഷം അബുദാബി ശൈഖ് സയ്യിദ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെ 136 പന്തിൽ 109 റൺസെടുത്ത് ശ്രദ്ധനേടി. 2019ൽ നേപ്പാളിനെതിരെ ഏകദിന ക്രിക്കറ്റിലും ഇതേ പരമ്പരയിൽ ട്വന്റി-20യിലും വരവറിയിച്ചു. 29 ഏകദിനങ്ങളിലായി 736 റൺസ് സ്വന്തമാക്കി. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ബൗളറുമാണ്.
സൈദാർപള്ളിക്കടുത്ത ബർക്കയിൽ പൂവത്താൻകണ്ടി അബ്ദുൾറഹൂഫിന്റെയും നസ്രീൻ റഹൂഫിന്റെയും മകനാണ് റിസ്വാൻ. അണ്ടർ 16 യുഎഇ ടീമംഗം ഇമാദ് സഹോദരനാണ്. ഫാത്തിമ അനസാണ് ഭാര്യ. കുടുംബസമേതം യുഎഇയിലാണ് താമസം. യുഎഇ അണ്ടർ 19 ടീം നായകനായിരുന്നു അലിഷാൻ. സ്കോട്ട്ലൻഡിനെതിരെ കഴിഞ്ഞ ടൂർണമെന്റിലെ മികച്ച പ്രകടനമാണ് ഇവരെ ടീമിലെത്തിച്ചത്.