പാലക്കാട്> മരുതറോഡ് സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം എസ് ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെല്ലാം ബിജെപി- ആർഎസ്എസ് പ്രവർത്തകരെന്ന് പൊലീസ്. ആദ്യം അറസ്റ്റിലായ നാല് പേരെ കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് പ്രതികൾ എല്ലാം ബിജെപി പ്രവർത്തകരനെന്ന് പൊലീസ് വ്യക്തമാക്കിയത്.
കേസിൽ ഇതുവരെ എട്ട് പേർ റിമാൻഡിലായി. ഇന്ന് റിമാന്ഡിലായ നാല് പേരെ കസ്റ്റഡിയിൽ വാങ്ങാൻ പാലക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ നൽകിയ അപേക്ഷയിലും പ്രതികളുടെ ആർഎസ്എസ്– ബിജെപി ബന്ധം പൊലീസ് പറയുന്നു. കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ എൻ ശിവരാജൻ (33), കെ സതീഷ് (31), എസ് വിഷ്ണു (22), എസ് സുനീഷ് (23) എന്നിവരെയാണ് ഇന്ന് റിമാൻഡ് ചെയ്തത്. സെപ്തംബർ രണ്ടുവരെയാണ് റിമാൻഡ്.
പ്രതികൾ ഒന്നരവർഷമായി സിപിഐ എമ്മുമായി അകന്നുകഴിയുകയാണ്. ഈ സമയം ആർഎസ്എസ്– ബിജെപി പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തുവരുന്നു. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതോടെ ഷാജഹാനുമായുള്ള വിരോധം രാഷ്ട്രീയപകയായി മാറി. പ്രതികൾ എല്ലാസമയവും ആർഎസ്എസ്- ബിജെപി പ്രവർത്തകരുമായി അടുത്തിടപഴകുന്നവരാണ്. ഈ ബന്ധമാണ് ഷാജഹാനെ കൊലപ്പെടുത്താൻ വിധത്തിലേക്ക് വളർന്നത്. അതിനാൽ കൊലപാതകത്തിനുപിന്നിലെ ഉന്നത ഗൂഡാലോചനയും അന്വേഷിക്കണമെന്നും പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് ഡിവൈഎസ് പി വി കെ രാജുവാണ് കോടതിയിൽ റപ്പോർട്ട് നൽകിയത്. നാല് പ്രതികളെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി അനുവദിച്ചു. ആഗസ്ത് 14ന് രാത്രി 9.45 നാണ് ഷാജഹാനെ കുന്നങ്കാട് വച്ച് എട്ടംഗ ബിജെപി- ആർഎസ്എസ് ക്രിമിനൽസംഘം വെട്ടികൊലപ്പെടുത്തിയത്.