കണ്ണൂർ
മലയാളം അസോസിയറ്റ് പ്രൊഫസർ നിയമനനടപടി നിയമവിരുദ്ധമായി സ്റ്റേചെയ്ത ചാൻസലറുടെ ഉത്തരവിനെതിരെ കണ്ണൂർ സർവകലാശാല ഹൈക്കോടതിയിലേക്ക്. ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി ഫയൽചെയ്യാൻ വ്യാഴാഴ്ച ചേർന്ന അടിയന്തര സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 1996ലെ കണ്ണൂർ യൂണിവേഴ്സിറ്റി ആക്ടിലെ വകുപ്പ് ഏഴിന്റെ മൂന്നാം ഉപവകുപ്പ് ലംഘിക്കുന്നതാണ് ചാൻസലർകൂടിയായ ഗവർണറുടെ നടപടിയെന്ന് സിൻഡിക്കറ്റ് വിലയിരുത്തി.
ഈ വകുപ്പനുസരിച്ച് സർവകലാശാലയുടെ നടപടികളിൽ ഇടപെടുന്നതിനുമുമ്പ് ചാൻസലർ കാരണംകാണിക്കൽ നോട്ടീസ് നൽകണം. വിശദീകരണത്തിന് ആവശ്യമായ സമയം അനുവദിക്കുകയും വേണം. സിൻഡിക്കറ്റ് അംഗീകാരത്തോടെ സർവകലാശാലയെടുക്കുന്ന നടപടിയിൽ എന്ത് നിയമലംഘനമാണുള്ളതെന്ന് വിശദീകരിക്കുന്ന ആശയവിനിമയങ്ങളൊന്നും ഗവർണറുടെ ഓഫീസിൽനിന്ന് ഉണ്ടായിട്ടില്ല.
സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ, നിയമന നടപടികളുടെ വിശദാംശം ആവശ്യപ്പെട്ടിരുന്നു. ഈ മാസം അഞ്ചിന് ഗവർണറുടെ ഓഫീസിൽനിന്ന് ലഭിച്ച കത്തിന് 12ന് സർവകലാശാല വിശദ മറുപടിയും നൽകി. എന്നിട്ടും നിയമവിരുദ്ധമായി ഗവർണർ ഇടപെട്ട സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത്. സീനിയർ ലീഗൽ കൗൺസലുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സിൻഡിക്കറ്റ് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ ചുമതലപ്പെടുത്തി. സർവകലാശാലയുടെ സ്വയംഭരണാവകാശവും സ്വാഭാവികനീതിയും സംരക്ഷിക്കുന്നതിന്റെ ഭാഗമാണിതെന്ന് സർവകലാശാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കേരള സെനറ്റ് നാളെ
സർവകലാശാലാ ചട്ടത്തിനു വിരുദ്ധമായി ഗവർണർ രണ്ടംഗ സെർച്ച് കമ്മറ്റി രൂപീകരിച്ച് ഉത്തരവിട്ടതിനെത്തുടർന്നുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേരള സർവകലാശാല ശനിയാഴ്ച സെനറ്റ് യോഗം ചേരും. തുടർനടപടികൾ സംബന്ധിച്ച് തീരുമാനിക്കും. തൊട്ടടുത്ത ദിവസങ്ങളിലായി സിൻഡിക്കറ്റും ചേരും.
ഗവർണറുടെ നടപടി
നിയമവിരുദ്ധം
കണ്ണൂർ സർവകലാശാല മലയാളം പഠനവകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ നിയമന നടപടികൾ സ്റ്റേചെയ്ത ഗവർണറുടെ നടപടി നിയമവിരുദ്ധവും സർവകലാശാലാ ചട്ടങ്ങളുടെ ലംഘനവും.1996ലെ കണ്ണൂർ സർവകലാശാലാ നിയമവും സ്റ്റാറ്റ്യൂട്ടും പാടേ കാറ്റിൽപറത്തിയാണ് നിയമന നടപടികൾ ചാൻസലറായ ഗവർണർ മരവിപ്പിച്ചത്.
സർവകലാശാലാ നിയമം വകുപ്പ് ഏഴിൽ ചാൻസലറുടെ അധികാരപരിധി വ്യക്തമായി നിർണയിച്ചിട്ടുണ്ട്. ഇതിന്റെ മൂന്നാം ഉപവകുപ്പുപ്രകാരം നിയമനം സ്റ്റേ ചെയ്യുന്നുവെന്നാണ് ഗവർണറുടെ അവകാശവാദം. ഇതനുസരിച്ച് നടപടിയെടുക്കണമെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകണം. നോട്ടീസിന് മറുപടി നൽകാൻ സർവകലാശാലയ്ക്ക് ആവശ്യമായ സമയവും അനുവദിക്കണം. ഇതൊന്നും ഗവർണർ പാലിച്ചില്ല. അനുബന്ധ വ്യക്തികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണ് സ്റ്റേ ഉത്തരവിൽ പറയുന്നത്. അനുബന്ധ വ്യക്തികൾ ആരെന്നും പറയുന്നില്ല. നോട്ടീസ് നൽകി വിശദീകരണം തേടിയശേഷം നടപടി എന്നതിനുപകരം, നടപടിയെടുത്തശേഷം നോട്ടീസ് എന്ന വിചിത്ര സമീപനമാണിവിടെ. രാഷ്ട്രീയക്കളിയാണ് ഗവർണറുടേതെന്ന് വ്യക്തം.
അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ഡോ. പ്രിയ വർഗീസിന്റേതടക്കം 12 അപേക്ഷയാണ് ലഭിച്ചത്. യുജിസി മാനദണ്ഡപ്രകാരം രൂപീകരിച്ച സ്ക്രീനിങ് കമ്മിറ്റിയാണ് പ്രിയ വർഗീസ് അടക്കം ആറ് അപേക്ഷകരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. വൈസ്-ചാൻസലറുടെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി ഓൺലൈൻ അഭിമുഖം നടത്തി റാങ്ക്ലിസ്റ്റും തയ്യാറാക്കി. ഡോ. പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച വ്യക്തതയ്ക്കായി സർവകലാശാല സ്റ്റാൻഡിങ് കൗൺസലിന്റെ അഭിപ്രായം തേടി. ഫാക്കൽറ്റി ഡെവലപ്മെന്റിനും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിലും ചെലവഴിച്ച കാലയളവും അധ്യാപനപരിചയമായി കണക്കാക്കാമെന്നാണ് ലഭിച്ച നിയമോപദേശം. കൂടുതൽ വ്യക്തതയ്ക്കായി വൈസ് ചാൻസലർ യുജിസി ചെയർമാന് കത്തയച്ചതിന് മറുപടി ലഭിച്ചില്ല. തുടർന്ന്, അഡ്വക്കറ്റ് ജനറലിനോട് നിയമാഭിപ്രായം തേടിയപ്പോൾ സ്റ്റാൻഡിങ് കൗൺസലിന്റെ അഭിപ്രായം ശരിവയ്ക്കുകയാണുണ്ടായത്. സർവകലാശാലാ സിൻഡിക്കറ്റും റാങ്ക്ലിസ്റ്റ് അംഗീകരിച്ചു. പ്രിയ വർഗീസിന്റെ പ്രസിദ്ധീകരങ്ങളുടെ സാമ്യം സംബന്ധിച്ച പരിശോധന പുരോഗമിക്കുന്നതിനിടെയാണ് നിയമന നടപടി ഗവർണർ തടഞ്ഞത്. പ്രബന്ധപരിശോധന പൂർത്തിയായാൽ സർവകലാശാല നേരിട്ട് നിയമന ഉത്തരവ് നൽകുകയാണ് ചെയ്യുക. ഈ നടപടികളിലൊന്നും ഇടപെടാനുള്ള അധികാരം ഗവർണർക്കില്ല. പരാതിയുണ്ടെങ്കിൽ പരിശോധിക്കുകമാത്രമാണ് ചെയ്യേണ്ടത്.
റിസർച്ച് സ്കോർ വാദം പൊളിയുന്നു
കണ്ണൂർ സർവകലാശാല മലയാളം വകുപ്പിലെ അസോസിയറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖ പരീക്ഷയിൽ രണ്ടാമതെത്തിയ വ്യക്തിയാണ് അർഹൻ എന്ന നിലയിലുള്ള പ്രചാരണം അടിസ്ഥാനരഹിതം. രണ്ടാമത് എത്തിയ ആൾക്ക് റിസർച്ച്/ അക്കാദമിക് സ്കോർ 651 ഉണ്ടെന്നതാണ് ഇതിനു കാരണമായി ഉയർത്തുന്ന വാദം. എന്നാൽ, ഈ സ്കോർ സർവകലാശാല പരിശോധിച്ച് നൽകിയതല്ല, ഉദ്യോഗാർഥി അവകാശപ്പെട്ടതു മാത്രമാണെന്നതാണ് വസ്തുത. പിയർ റിവ്യൂ ചെയ്തതോ അല്ലെങ്കിൽ യുജിസി ലിസ്റ്റ് ചെയ്തതോ അല്ലാത്ത പ്രസിദ്ധീകരണങ്ങൾപോലും ഉദ്യോഗാർഥികൾ സ്കോർ അവകാശപ്പെടാൻ ഉപയോഗിക്കാറുണ്ട്.
അഭിമുഖത്തിലെ പ്രകടനം മാത്രമാണ് അന്തിമ തെരഞ്ഞെടുപ്പിന് മാനദണ്ഡം എന്നിരിക്കെ ഒന്നാമതെത്തിയ ആൾക്ക് റിസർച്ച് സ്കോർ രണ്ടാമനേക്കാൾ കുറവാണെന്ന വാദവും പൊളിയുന്നു. വിഷയ വിദഗ്ധരും മറ്റുമടങ്ങിയ ഇന്റർവ്യൂ ബോർഡിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് അന്തിമ തെരഞ്ഞെടുപ്പ് നടക്കുന്നത്.
റാങ്ക് ലിസ്റ്റിൽ രണ്ടാമതെത്തിയ ആൾ 150 പ്രസിദ്ധീകരണമാണ് അവകാശപ്പെട്ടതെങ്കിലും മിനിമം യോഗ്യതയായ 10 പ്രസിദ്ധീകരണംപോലും ഇല്ലെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. പിയർ റിവ്യൂ ചെയ്ത അല്ലെങ്കിൽ യുജിസി അംഗീകരിച്ച ഒമ്പതു പ്രസിദ്ധീകരണം മാത്രമാണ് ഈ ഉദ്യോഗാർഥി അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചത് എന്നാണ് സൂചന. ഇതിൽ ചിലത് ഉദ്യോഗാർഥിതന്നെ ഇഷ്യൂ എഡിറ്ററായ ജേർണലിലാണ്.
രാഷ്ട്രീയനാടകമെന്ന്
പ്രിയ വർഗീസ്
കണ്ണൂർ സർവകലാശാല മലയാള വിഭാഗം അസോസിയറ്റ് പ്രൊഫസർ നിയമന നടപടി മരവിപ്പിച്ച ഗവർണറുടെ നിലപാട് രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തിയെന്ന് റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ പ്രിയ വർഗീസ്. പേര് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതുമുതൽ നാടകം തുടങ്ങി. കോൺഗ്രസുകാരനായ സെനറ്റംഗം വൈസ് ചാൻസലർക്ക് പരാതി നൽകി. കോൺഗ്രസുകാരും കെഎസ്യുക്കാരും വിസിയുടെ വീട് ഉപരോധിച്ചു.
അഭിമുഖത്തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിവരെ അതിജീവിച്ചാണ് ഹാജരായത്. വ്യക്തിയെന്ന നിലയിൽ നീതിനിഷേധങ്ങൾ അനുഭവിക്കേണ്ടിവന്നു. സമരത്തിലും മാധ്യമ ചർച്ചകളിലും പ്രധാന പ്രശ്നമായി ഉയർത്തിക്കാട്ടിയത് എഫ്ഡിപി ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കാണക്കാനാകില്ല എന്നതാണ്. 2018ലെ യുജിസി നോട്ടിഫിക്കേഷനിൽ ഇതിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. സജീവ സേവനത്തിൽ ഇരുന്നുകൊണ്ട് ലീവെടുക്കാതെ നടത്തുന്ന പിഎച്ച്ഡി ഗവേഷണം എഫ്ഡിപി മാത്രമാണ്. ഒരേസമയം സ്ഥാപനത്തിലെ 20 ശതമാനം അധ്യാപക ജീവനക്കാർക്കുമാത്രം അവകാശപ്പെടാവുന്ന ഗവേഷണവും എഫ്ഡിപിതന്നെ. ഈ കാര്യങ്ങൾ ആർക്കും വായിച്ചാൽ മനസ്സിലാകുന്നതായിട്ടും ചുരുക്കപ്പട്ടികയിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമോപദേശത്തിനുവിട്ടു എന്ന ‘സവിശേഷ പരിഗണനയാണ്’ കെ കെ രാഗേഷിന്റെ ഭാര്യ എന്ന നിലയിൽ ലഭിച്ചത്–- പ്രിയ വർഗീസ് ഫെയ്സ് ബുക്കിൽ കുറിച്ചു.