കൽപ്പറ്റ > വയനാട്ടിൽ രാഹുൽഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ പൊലീസ് നോട്ടീസ് നൽകിയ കോൺഗ്രസ് പ്രവർത്തകർ ഒളിവിൽ. ചോദ്യംചെയ്യലിനായി ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹാജരാകാനായി അഞ്ചുപേർക്കാണ് നോട്ടീസ് നൽകിയത്. എന്നാൽ ഹാജരാകാതെ എല്ലാവരും ഒളിവിൽ പോയി. തുടർന്നും ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങും. പ്രതികളെന്ന് സംശയിക്കുന്നവർക്കാണ് നോട്ടീസ് നൽകിയത്. ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ബഫർസോൺ വിഷയത്തിൽ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിന്റെ മറവിലാണ് കോൺഗ്രസുകാർ ഗാന്ധി ചിത്രം തകർത്തത്. കുറ്റം എസ്എഫ്ഐക്കുമേൽ ആരോപിക്കുകയുംചെയ്തു. എന്നാൽ വിദ്യാർഥി മാർച്ചിനുശേഷവും ഗാന്ധി ചിത്രം ഓഫീസിലെ ചുമരിലുണ്ടായിരുന്നത് ‘ദേശാഭിമാനി’ ഉൾപ്പെടെ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. ചിത്രം തകർത്തത് എസ്എഫ്ഐക്കാരല്ലെന്ന് പൊലീസ് അന്വേഷണത്തിലും കണ്ടെത്തി.