മട്ടന്നൂർ> മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വ്യാഴാഴ്ച വൈകിട്ട് ആറിന് സമാപിക്കും. പകൽ 3.30ന് മട്ടന്നൂർ ബസ്സ്റ്റാൻഡിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് സമാപന പൊതുയോഗത്തിൽ പി വി അൻവർ എംഎൽഎ സംസാരിക്കും. എല്ലാ വാർഡിലും പ്രചാരണ സമാപനമുണ്ടാകും.
ശനിയാഴ്ച നടക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റും വോട്ടുമായി ആറാമത് ഭരണസമിതിലേക്കും എൽഡിഎഫിനെ അധികാരത്തിലേറ്റുമെന്ന പ്രഖ്യാപനമായി 35 വാർഡുകളിലും നടന്ന റാലികൾക്ക് ബുധനാഴ്ച സമാപനമായി. മട്ടന്നൂരിന് വികസനത്തിന്റെ നാളുകൾ സമ്മാനിച്ച ഇടതുപക്ഷത്തിന് ജനങ്ങളുടെ ഐക്യദാർഢ്യമായി വാർഡ് റാലികൾ മാറി.
മട്ടന്നൂരിൽ 20ന് പൊതു അവധി
നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ 20ന് നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരം നഗര പരിധിയിലെ മുഴുവൻ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ വേതനത്തോടുകൂടിയുള്ള അവധി നൽകണം. നഗരസഭയിലെ വോട്ടറും നഗരസഭയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവരുമായ കാഷ്വൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും വേതനത്തോടെ അവധി നൽകണം.
നഗര പരിധിയിലെ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 20ന് കലക്ടറും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിങ് ബൂത്തുകളായി നിശ്ചയിച്ച സ്ഥാപനങ്ങൾക്ക് 19നും 20നും വോട്ടെണ്ണൽ കേന്ദ്രമായ മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിന് 19, 20, 22 തീയതികളിലും അവധി പ്രഖ്യാപിച്ചു.
ഡ്രൈഡേ
നഗരസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 18 മുതൽ 20 വരെയും 22നും മട്ടന്നൂർ നഗരസഭാ പരിധിയിലെ എല്ലാ മദ്യഷാപ്പുകൾക്കും ഡ്രൈഡേ പ്രഖ്യാപിച്ചു. വ്യക്തികൾ അനധികൃതമായി മദ്യം സംഭരിക്കുന്നത് തടയാനും അനധികൃത മദ്യവിൽപ്പന തടയാനും ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക് നിർദേശം നൽകി.