തിരുവനന്തപുരം> പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷവും അഭിമാനവുമാണ് തോന്നുന്നതെന്ന് കർഷക അവാർഡ് മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി നടൻ ജയറാം പറഞ്ഞു. അഭിനയത്തോടൊപ്പം കൃഷി എന്നത് സ്വകാര്യ പരിശ്രമമായിരുന്നു. ചെന്നൈയിൽ താമസിക്കുമ്പോൾ, 25 വർഷംമുമ്പുതന്നെ നൂറുമേനി വിളവ് നേടാൻ കഴിഞ്ഞു.
പെരുമ്പാവൂരിലെ കൂവപ്പടി ഗ്രാമത്തിൽ എട്ടേക്കർ ഭൂമിയിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. പ്രളയത്തിൽ ഫാം മൊത്തമായി നശിച്ചു. അത് കാണേണ്ടിവന്ന അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല. ഉള്ളിൽ യഥാർഥ കർഷകൻ ഉള്ളതിനാലാണ് കുറഞ്ഞ സമയത്തിനുള്ളിൽ ഫാം പുനർനിർമിക്കാൻ കഴിഞ്ഞത്. തനിക്ക് ലഭിച്ച അംഗീകാരം കൂടുതൽ പേർക്ക് കൃഷിയിലേക്ക് എത്താൻ പ്രചോദനം ആകുന്നെങ്കിൽ അതാകും ചാരിതാർഥ്യം നൽകുന്നതെന്നും ജയറാം പറഞ്ഞു.