കൊച്ചി> ലൈംഗിക പീഡന കേസുകളിൽ പ്രതിക്ക് ജാമ്യം നൽകുമ്പോൾ ചെയ്യരുത് എന്ന് ഒന്നരവർഷം മുമ്പ് സുപ്രീംകോടതി വിലക്കിയ അതേകാര്യമാണ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ഉത്തരവിൽ കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി ചെയ്തത്. ഇരയുടെ വസ്ത്രത്തെയോ പെരുമാറ്റത്തെയോ ‘മുൻകാല സ്വഭാവ’ത്തെയോ ‘സദാചാര’ത്തെയോ പറ്റി ഒന്നും ജാമ്യവിധിയിൽ പറയരുത് എന്നാണ് സുപ്രീംകോടതി പറയുന്നത്. പരമോന്നത നീതിപീഠത്തിന്റെ ഇത്ര കൃത്യമായ വിലക്ക് നിലനിൽക്കെയാണ് കോഴിക്കോട് സെഷൻസ് ജഡ്ജി എസ്.കൃഷ്ണൻ കുമാർ ഉത്തരവിൽ ഇരയുടെ വേഷം ശരിയല്ലാത്തതിനാലാകാം ആക്രമണം ഉണ്ടായതെന്ന് എഴുതിചേർത്തത്. പീഡന പരാതി നൽകിയ കവയിത്രി സംഭവ സമയത്ത് ധരിച്ചിരുന്നത് ലൈംഗിക പ്രകോപനപരമായ വസ്ത്രങ്ങളായിരുന്നെന്നാണ് കോടതി നിരീക്ഷണം.
2021 മാർച്ച് 18 ന് മധ്യപ്രദേശിൽ നിന്നുള്ള ഒരു പൊതു താൽപര്യഹർജി പരിഗണിക്കുമ്പോഴാണ് ഇത്തരം കേസുകളിൽ ജാമ്യം കൊടുക്കുമ്പോൾ കോടതികൾ പാലിക്കേണ്ട വ്യവസ്ഥകൾ പട്ടികയായി നൽകിയത്. ഏഴു നിർദേശങ്ങളിൽ നാലാമതായാണ് വസ്ത്രത്തെപ്പറ്റി പരാമർശം അരുതെന്ന് സുപ്രീംകോടതി പറഞ്ഞത്.
ലൈംഗിക പീഡനത്തിന് ഇരയായ പെണ്കുട്ടിയുടെ കൈയില് രാഖി കെട്ടികൊടുത്താൽ പ്രതിക്ക് ജാമ്യമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര വിധിയാണ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഒമ്പത് വനിതാ അഭിഭാഷകരാണ് ഹർജി നൽകിയത്. 2020 ഏപ്രിലില് നടന്ന ലൈംഗിക അതിക്രമ കേസില് ജാമ്യം തേടിയ പ്രതിയോടാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്ഡോര് ബെഞ്ച് ഇരയ്ക്ക് രാഖി കെട്ടിക്കൊടുക്കാന് നിര്ദേശിച്ചത്. രക്ഷാബന്ധന് ദിനത്തില് ഇരയുടെ വീട്ടിലെത്തി കയ്യില് രാഖി കെട്ടണമെന്നായിരുന്നു നിബന്ധന. ഈ വിധി റദ്ദാക്കിക്കൊണ്ടാണ് ജാമ്യം നൽകുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി ജസ്റ്റിസ് രവീന്ദ്ര ഭട്ട്, എ.എം. ഖാൻവിൽക്കർ എന്നിവരുൾപ്പെട്ട ബെഞ്ച് വിധി പറഞ്ഞത്. ആ നിർദേശങ്ങളാണ് കോഴിക്കോട്ടെ കോടതി ലംഘിച്ചത്.